മഞ്ഞപ്പിത്തം ; ജാഗ്രത പാലിക്കണം

HIGHLIGHTS : Jaundice; be careful.

cite

മലപ്പുറം:ജലജന്യ രോഗങ്ങള്‍ പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക ആവശ്യപ്പെട്ടു. ജില്ലയില്‍ ഈ വര്‍ഷം 1172 പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇതില്‍ എട്ട് പേര്‍ മരണപ്പെട്ടു. ഇതു കൂടാതെ രണ്ടു മരണമടക്കം 3988 സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വീട്ടില്‍ ഒരാള്‍ക്ക് രോഗ ലക്ഷണം കണ്ടാല്‍ ഇടപഴകുന്ന മറ്റുള്ളവരിലേക്ക് രോഗപകര്‍ച്ചക്ക് സാധ്യത കൂടുതലായതിനാല്‍ നല്ല ശ്രദ്ധ പുലര്‍ത്തണം. രോഗലക്ഷണം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പു മുതല്‍ മൂന്ന് ആഴ്ച വരെയാണ് ഏറ്റവും കൂടുതല്‍ വ്യാപന സാധ്യതയുള്ളത്. അതുകൊണ്ട് രോഗബാധിതര്‍ ആഹാരം പാകം ചെയ്യരുത്. ഇവര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ മറ്റുളളവര്‍ക്ക് പങ്കു വെക്കുകയും ചെയ്യരുത്. എല്ലായ്പ്പോഴും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക. കൈകള്‍ ശാസ്ത്രീയമായി ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്നതിന്ന് മുമ്പും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. രോഗബാധ ഉണ്ടായാല്‍ ശരീരം ആദ്യം കാണിക്കുന്ന ലക്ഷണങ്ങള്‍ അവഗണിക്കുകയോ സ്വയം ചികിത്സ തേടുകയോ ചെയ്യുന്നവരാണ് അപകടത്തില്‍പ്പെടുന്നത്.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍. ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വ നിലവാരം ഉറപ്പു വരുത്തണം. പാചക തൊഴിലാളികള്‍. ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് നടത്തിപ്പുകാര്‍ ഉറപ്പ് വരുത്തണം. അടുക്കള, സ്റ്റോര്‍ റൂം, മറ്റ് ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളില്‍ വേണ്ടത്ര ശുചിത്വം പാലിക്കണം. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും പഴകിയതും ഉപയോഗ ശൂന്യവുമായതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നതും നിയമ വിരുദ്ധമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!