കടലുണ്ടി വാവുത്സവം:ജാതവന്‍ ഊരു ചുറ്റല്‍ തുടങ്ങി

മോഹന്‍ ചാലിയം

കടലുണ്ടി: ഉത്തര മലബാറിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുത്സവത്തിലെ പ്രധാന ചടങ്ങായ ജാതവന്‍ പുറപ്പാട് മണ്ണൂര്‍ കാരകളിപ്പറമ്പിലെ ജാതവന്‍ കോട്ടയില്‍ നിന്ന് ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് കുന്നത്ത് തറവാട് കാരണവരുടെ അനുവാദത്തോടെ, അമ്പാളി കാരണവരുടെ അമ്പടിയോടെ, മാരാത്തയില്‍ കാരണവരുടെ സാന്നിദ്ധ്യത്തില്‍ കുടല്‍ പുരക്കല്‍ തറവാട്ടിലെ മൂത്ത പെരുവണ്ണാന്‍ ചന്ദ്രദാസന്റെ നേതൃത്ത്വത്തില്‍ പാല്‍വര്‍ണ്ണ കുതിരപ്പുറത്തേറി ജാതവന്റെ ഊരുചുറ്റല്‍ ആരംഭിച്ചത്.

ജാതവന്റെ ഇഷ്ട വിനോദമായ കാരകളിയും നടന്നു.

കാരകളി പറമ്പില്‍ ഭക്തരും സംഘടനകളും ജാതനെ പുഷ്പ വൃഷ്ടിയോടെ സ്വീകരിച്ചു.
പായസ വിതരണവും നടന്നു.

ജാതവന്‍ പുറപ്പാട് കാണാന്‍ നാടിന്റെ നാനാ ഭാഗത്തു നിന്നും ജനങ്ങളെത്തി. ജാതവന്‍ കോട്ടയും പരിസരവും ജന നിബിഢമായിരുന്നു.

ജാതവന് ഭക്തര്‍ പുഷ്പ മാല്യങ്ങളും നിവേദ്യവും സമര്‍പ്പിച്ചു.

ഊരുചുറ്റലിനിറങ്ങിയ ജാതവന്‍ വിവിധ തറവാട്ടു വീട്ടുകളിലുമെത്തി.

പേടിയാട്ടമ്മയുടെയും മകന്‍ ജാതവന്റെയും ഭക്തി നിര്‍ഭരമായ കാത്തിരിപ്പാണ് വാവുത്സവത്തിന്റെ ഐതിഹ്യം.

നാടാകെ ഉത്സവം അറിയിച്ചു കൊണ്ടുള്ള ഊരു ചുറ്റലിന് ശേഷം 13ന് രാവിലെ ജാതവനും അമ്മ പേടിയാട്ട് ഭഗവതിയും കടലുണ്ടി വാക്കടവില്‍ വച്ച് കണ്ടുമുട്ടും.

നീരാട്ടിനു ശേഷം സര്‍വ്വാഭരണ വിഭൂഷിതയായ ദേവി മകന്‍ ജാതവനൊപ്പം
പേടിയാട്ട് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും.

വൈകുന്നേരത്തോടെ പേടിയാട്ട് കാവില്‍ നടക്കുന്ന കുടികൂട്ടല്‍ ചടങ്ങോടെ ജാതവന്‍ കോട്ടയിലേക്ക് മടങ്ങുന്നതോടെയാണ് വാവുത്സവം സമാപിക്കുക.

 

Share news
error: Content is protected !!
Scroll to Top