Section

malabari-logo-mobile

ജസ്ന തിരോധാന കേസ്; മോഷണക്കേസ് പ്രതിക്ക് തിരോധാനത്തെകുറിച്ച് അറിവ്

HIGHLIGHTS : Jasna Disappearance Case; Theft suspect's knowledge of disappearance

കാഞ്ഞിരപ്പള്ളിയിലെ വിദ്യാര്‍ഥിനി ജസ്‌നയുടെ തിരോധാനക്കേസില്‍ നിര്‍ണ്ണായകമായ മൊഴി സി.ബി.ഐക്ക് ലഭിച്ചു. മോഷണക്കേസ് പ്രതിയായിരുന്ന പത്തനംതിട്ട സ്വദേശിയായ യുവാവിന് ജസ്‌നയുടെ തിരോധാനത്തെകുറിച്ച് അറിവുണ്ടെന്നാണ് സി.ബി.ഐക്ക് മൊഴി ലഭിച്ചത്. ഈ യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടേതാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ട സ്വദേശിയായ യുവാവിനായി സിബിഐ അന്വേഷണം ആരംഭിച്ചു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എരുമേലിയിലെ വീട്ടില്‍ നിന്നിറങ്ങിയ ജസ്ന മരിയ ജയിംസ് എവിടെയെന്നതില്‍ വര്‍ഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. ഇതിനിടയിലാണ് നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്.

sameeksha-malabarinews

നാല് മാസങ്ങള്‍ക്ക് മുന്‍പ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സി.ബി.ഐക്ക് എത്തിയ ഫോണ്‍ കോളില്‍ പോക്‌സോ കേസില്‍ പ്രതിയായ കൊല്ലം ജില്ലക്കാരന് ജസ്‌ന കേസിനേക്കുറിച്ച് പറയാനുണ്ടെന്നായിരുന്നു സന്ദേശം. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. ഈ യുവാവ് രണ്ട് വര്‍ഷം മുന്‍പ് മറ്റൊരു കേസില്‍ പ്രതിയായി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയും മോഷണക്കേസ് പ്രതിയുമായ യുവാവായിരുന്നു സെല്ലില്‍ കൂടെക്കഴിഞ്ഞിരുന്നത്.

ജസ്‌നയ്ക്ക് എന്ത് സംഭവിച്ചൂവെന്ന് തനിക്ക് അറിയാമെന്ന് പത്തനംത്തിട്ട സ്വദേശിയായ യുവാവ് പറഞ്ഞിരുന്നൂവെന്നായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ ഇയാള്‍ പറഞ്ഞ വിവരങ്ങള്‍ സിബിഐ അന്വേഷിച്ചു. ഇങ്ങനെയൊരു പ്രതി കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും മൊഴി നല്‍കിയ പ്രതിക്കൊപ്പവുമായിരുന്നു ജയില്‍വാസമെന്നും പത്തനംതിട്ടയിലെ മേല്‍വിലാസം ശരിയാണെന്നും സിബിഐ സംഘം സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശിയായ യുവാവ് ഒളിവിലാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഒരു തുമ്പുമില്ലാത്ത കേസില്‍ വീണു കിട്ടിയ മൊഴിയില്‍ പരമാവധി അന്വേഷണം നടത്താനാണ് സി.ബി.ഐ തീരുമാനം. 2018 മാര്‍ച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്നയെ കാണാതാകുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!