Section

malabari-logo-mobile

ജൈവവൈവിധ്യ സംരക്ഷണം കടമയായി ഏറ്റെടുക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : Biodiversity conservation should be undertaken as a duty; Chief Minister Pinarayi Vijayan

കോഴിക്കോട്: നാടിന്റെ ജീവനാഡിയായ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് പ്രധാന കടമയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജൈവവൈവിധ്യ സംരക്ഷണം ഔദ്യോഗിക തലത്തില്‍ മാത്രം ഒതുങ്ങിപോകാതെ ഒരു ജനകീയ യജ്ഞമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൈവ വൈവിധ്യ പരിപാലന സമിതികളും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ പരിപാലന സമിതികള്‍ രൂപീകരിച്ചിട്ടുള്ള ആദ്യ സംസ്ഥാനമാണ് കേരളം. പാരിസ്ഥിതിക ശോഷണം ഒഴിവാക്കുന്നതിന് പ്രാദേശിക പരിസ്ഥിതി ട്രാവല്‍ സംഘം ആയിട്ടാണ് ഈ സമിതികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതിനോടകം തന്നെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സൂചകങ്ങളെ അടിസ്ഥാനമാക്കി പ്രാദേശിക തല കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള ഉപാധിയാണിവ.
കാലാനുസൃതമായി ജൈവവൈവിധ്യ രജിസ്റ്ററുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ജൈവവൈവിധ്യ ബോര്‍ഡ് മുന്‍കൈയെടുക്കണം. അതോടൊപ്പം കേരളത്തിന്റെ ആവാസ വ്യവസ്ഥകള്‍ക്ക് കടുത്ത ഭീഷണിയായി നിലനില്‍ക്കുന്ന അധിനിവേശ ജീവജാലങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും താമസമില്ലാതെ തുടക്കം കുറിക്കാന്‍ ആകണം. ഇത്തരത്തില്‍ പ്രാദേശികമായി ലഭ്യമായി കൊണ്ടിരിക്കുന്ന ജൈവവൈവിധ്യ വിഭവങ്ങള്‍, അവയില്‍നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഇവയെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രാദേശിക ജനങ്ങളുടെ ജീവിതോപാധി മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെ കുറിച്ചായിരിക്കണം ഈ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൈവ സമ്പത്തിന്റെ ഭാഗമായ ഔഷധസസ്യങ്ങളെ കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നത് ഔഷധ നിര്‍മ്മാണ മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ഒരുപോലെ മുതല്‍ക്കൂട്ടാകും. മാത്രമല്ല വാണിജ്യ അടിസ്ഥാനത്തില്‍ ഔഷധസസ്യങ്ങള്‍ വച്ചു പിടിപ്പിക്കാനായാല്‍ തൊഴില്‍ സാധ്യതയും ഉറപ്പു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തനത് ജൈവവൈവിധ്യത്തില്‍ ഊന്നിയ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ധാരാളമുള്ള സംസ്ഥാനം കൂടിയാണ് കേരളം.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം ഇത്തരത്തിലുള്ള തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചു പോകുന്ന പ്രവണത കാണുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജൈവവൈവിധ്യത്തില്‍ അധിഷ്ഠിതമായ മൂല്യ വര്‍ധിത വസ്തുക്കളുടെ നിര്‍മ്മാണം ഇപ്പോള്‍ കുടുംബശ്രീ മുഖേന ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. നമ്മുടെ നാടിന്റെ തനത് സമ്പത്തുകളായ ഭക്ഷ്യയോഗ്യമായ പഴങ്ങള്‍, ഇലകള്‍,കിഴങ്ങുകള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ ഉറപ്പുവരുത്താനാകണം. കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഇവ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തില്‍ അവയുടെ പ്രജനനവും വില്‍പ്പനയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കോണ്‍ഗ്രസില്‍ ഉരിത്തിരിഞ്ഞു വരുന്ന ഇത്തരത്തിലുള്ള ആശയങ്ങള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍മ്മപരിപാടികള്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കര്‍മ്മ പദ്ധതി (2022-32),
‘കാര്‍ഷിക ജൈവവൈവിധ്യ
സംരക്ഷണം’എന്ന കേരള പുനര്‍ നിര്‍മ്മാണ പദ്ധതിയുടെ പൂര്‍ത്തീകരണ റിപ്പോര്‍ട്ട് എന്നിവയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. കണ്‍സര്‍വേഷന്‍ ആന്‍ഡ് സസ്‌റ്റൈനബിള്‍ യൂട്ടിലൈസേഷന്‍ റിസോഴ്‌സസ് എന്ന പുസ്തകം മേയര്‍ ഡോ. ബീന ഫിലിപ്പിന് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

തുറമുഖം,മ്യൂസിയം,പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനായിരുന്നു. ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ മാത്രമേ സുസ്ഥിരവികസനം സാധ്യമാവുകയുള്ളൂ എന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ശാശ്വതമായ വികസനത്തിന് പരിസ്ഥിതിയെ കൂടി പരിഗണിക്കണം. ഓരോ ജൈവമണ്ഡലങ്ങളിലുമുള്ള ജീവജാലങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ പ്രാധാന്യവും മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു.
ജൈവ വൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടം കേരളത്തെ സംബന്ധിച്ചു വലിയൊരു വരദാനമാണ്. ജൈവ വൈവിധ്യ സമ്പത്തിനും സുഗമമായ കാലാവസ്ഥയ്ക്കും പ്രകൃതി സൗന്ദര്യത്തിനും നാം സഹ്യാദ്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കുട്ടികളിലൂടെ ജൈവ വൈവിധ്യ സംരക്ഷണ പാഠങ്ങള്‍ മുതിര്‍ന്നവരിലേക്കും അതുവഴി ഒരു സമൂഹത്തിലേക്കും എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ജൈവ വൈവിധ്യ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ജൈവ വൈവിധ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും വികസനത്തിന്റെ ഭാഗം തന്നെയാണ്. സന്തുലിതമായ വികസനം സാധ്യമാകുന്നത് ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നിടത്താണെന്നും മന്ത്രി പറഞ്ഞു. 2018ലെ പ്രളയത്തിനുശേഷം കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ഡിസൈന്‍ നയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പരിസ്ഥിതിയെ കൂടി പരിഗണിച്ചു കൊണ്ടായിരിക്കും ഈ നയത്തിന് രൂപം കൊടുക്കുകയെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ല കേന്ദ്രീകരിച്ചുള്ള ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് തയ്യാറാക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണം കൂടി ഉള്‍പ്പെടുത്താന്‍ പ്രത്യേകം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കടലാമകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോയുടെ പ്രകാശനം വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിക്ക് കൈമാറിക്കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

കെ.എസ്.ബി.ബി മെമ്പര്‍മാരായ ഡോ. കെ. സതീഷ്‌കുമാര്‍, ഡോ. ടി.എസ് സ്വപ്ന,
ഡോ. കെ.ടി. ചന്ദ്രമോഹനന്‍, പ്രമോദ് ജി കൃഷ്ണന്‍, കെ.എസ്.ബി.ബി മെമ്പര്‍ സെക്രട്ടറി ഡോ. എ.വി. സന്തോഷ്‌കുമാര്‍
സംഘാടക സമിതി വൈസ് ചെയര്‍മാനും കോഴിക്കോട് ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ.എടക്കോട്ട് ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി. ജോര്‍ജ്ജ് തോമസ് സ്വാഗതവും
കെ.എസ്.ബി.ബി മെമ്പര്‍ കെ.വി. ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.
ജനപ്രതിനിധികള്‍, ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധി ശില്‍പശാല, ജൈവവൈവിധ്യ സാങ്കേതിക സംഘങ്ങളുടെ മേഖല സംഗമം, സംരക്ഷക കര്‍ഷകരുടെ സംഗമം എന്നിവ വിവിധ വേദികളിലായി നടന്നു. ‘സ്ത്രീശാക്തീകരണം – ജൈവവൈവിധ്യ സംരക്ഷണവും ജീവനോപാധിയും’ എന്ന വിഷയത്തിലൂന്നിയ സിമ്പോസിയവും സംഘടിപ്പിച്ചു.നാളെ ഫെബ്രുവരി 20ന് കുട്ടികളുടെ ജൈവവൈവിധ്യ സമ്മേളനം നടക്കും. ജൈവവൈവിധ്യ കോണ്‍ഗ്രസ് നാളെ (ഫെബ്രുവരി 20) സമാപിക്കും. പ്രവേശനം സൗജന്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!