പുരുഷ ഹോക്കിയില്‍ ജപ്പാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്സിന് യോഗ്യത

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ഈ വിജയത്തോടെ അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്‌സിനും ഇന്ത്യ യോഗ്യത ഉറപ്പിച്ചു. എതിരാളികളുടെ ബോക്‌സില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയായിരുന്നു മുന്നേറ്റം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി മുന്നില്‍ നിന്നു നയിച്ചു. മന്‍പ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകള്‍ നേടി.

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ നേടുന്ന നാലാം സ്വര്‍ണമാണിത്. നേരത്തെ 1966, 1998, 2014 വര്‍ഷങ്ങളിലാണ് സുവര്‍ണ നേട്ടം. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇന്ത്യയുടെ നാലാമാത്തെയും 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുശേഷം ആദ്യത്തെയും സ്വര്‍ണ നേട്ടമാണിത്. 1966ലെയും 1998ലെയും ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലായിരുന്നു അതിന് മുമ്പ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ഹോക്കി സ്വര്‍ണം നേടിയത്.

ഗെയിംസില്‍ ഇന്ത്യയുടെ 22-ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 95ല്‍ എത്തി. 34, വെള്ളി, 39 വെങ്കലം നേട്ടങ്ങളും ഇന്ത്യക്കുണ്ട്.

നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ ഗോള്‍വര്‍ഷവുമായി സെമിയിലെത്തിയ ഇന്ത്യ സെമിയില്‍ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ഫൈനലിലും അഞ്ച് ഗോളടിച്ച് ഇന്ത്യന്‍ മുന്നേറ്റ നിര കരുത്തു കാട്ടി. ഗോള്‍രഹിതമായിരുന്ന ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറില്‍ 25-ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍വര്‍ഷം തുടങ്ങിയത്. മന്‍പ്രീത് സിങായിരുന്നു ഇന്ത്യക്കായി ലിഡെടുത്തത്. ഗോള്‍ വീണതോടെ ആക്രമണം കനപ്പിച്ച ജപ്പാന്‍ ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോള്‍ പോസ്റ്റിന് താഴെ മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകള്‍ ഇന്ത്യയുടെ രക്ഷക്കെത്തി. ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിന് മാത്രം മുന്നിലായിരുന്നു.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തിലെ ഇന്ത്യ ലീഡുയര്‍ത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് സിങ് ആണ് ഇന്ത്യക്കായി ജപ്പാന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. നാലു മിനിറ്റിനകം ഇന്ത്യ മൂന്നാം ഗോളും നേടി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് അമിത് രോഹിദാസായിരുന്നു ഇന്ത്യയുടെ സ്‌കോറര്‍. നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഗോളടിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കിലും 48-ാം മിനിറ്റില്‍ അഭിഷേക് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ഉറപ്പിച്ച നാലാം ഗോള്‍ നേടി. 59-ാം മിനിറ്റില്‍ അഞ്ചാം ഗോളും നേടിയപ്പോള്‍ കളിയുടെ അവസാന സെക്കന്‍ഡില്‍ ഖവാര യമാട്ടോ ജപ്പാന്റെ ആശ്വാസ ഗോള്‍ നേടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top