യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

യുവാക്കള്‍ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാക്കളുടെ മുഖം വാടിയാല്‍ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കള്‍ക്ക് ഏറ്റവും വലിയ കരുതല്‍ സര്‍ക്കാരില്‍ നിന്നുണ്ടാകും – മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സര്‍ക്കാരിലുള്ളതെന്നും യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയൊക്കെ മനസില്‍വച്ചു തന്നെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. എല്ലാ വിഭാഗത്തെയും ഉള്‍ച്ചേര്‍ത്തുള്ള മുന്നോട്ടുപോക്കാണ് സര്‍ക്കാരിന്റെ മനസിലുള്ളത്. യുവജനങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയുള്ള ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുക തന്നെ ചെയ്യും. ചരിത്രത്തെത്തന്നെ മാറ്റിമറിക്കാന്‍ കഴിയുന്നവരാണു യുവജനങ്ങള്‍. ഇന്നത്തെ കാലത്തിന് അനുസൃതമായ സാധ്യതകള്‍ യുവാക്കള്‍ക്ക് ഒരുക്കിക്കൊടുക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തിനു കേരളത്തിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രധാനമാണ്. അവ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകണമെന്നാണു സര്‍ക്കാര്‍ കരുതുന്നത്.

കേരളത്തിന്റെ നേട്ടങ്ങളെ ശക്തിപ്പെടുത്തണമെങ്കില്‍ അതിന് അനുവദിക്കുന്ന സാമൂഹിക സാഹചര്യം ശക്തിപ്പെടണം. കേരളത്തിന്റെ മതനിരപേക്ഷ സമൂഹം രാജ്യത്തിനും ലോകത്തിനാകെയും മാതൃകയാണ്. അത്തരമൊരു സമൂഹത്തിലേ ജനങ്ങള്‍ക്ക് ഒരുപോലെ പ്രാപ്യമാകുന്ന നേട്ടങ്ങളുണ്ടാക്കാനാകൂ. അതുകൊണ്ടു കേരളത്തിന്റെ ഈ സവിശേഷ സാമൂഹ്യ സാഹചര്യത്തെ സംരക്ഷിക്കണം. അതു തകര്‍ന്നാല്‍ ഒന്നും നേടാനാവില്ല. അതുകൊണ്ടു ജാതിരഹിതമായും മതാതീതമായും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും യുവജനങ്ങള്‍ മുന്നോട്ടുവരണം. നവോത്ഥാന പ്രസ്ഥാനങ്ങളും അവ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും പകരുന്ന ഊര്‍ജ്ജം ഉള്‍ക്കൊണ്ടു സമൂഹത്തിന്റെ ഒരുമ നിലനിര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമായ ശാസ്ത്രാവബോധവും യുക്തിചിന്തയും വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ കേരളത്തിലെ യുവജനങ്ങളുണ്ടാകണം.

ശാസ്ത്രവും സാങ്കേതികവിദ്യയും സാമൂഹിക – സാമ്പത്തിക പുരോഗതിക്കും സാമൂഹ്യപരിവര്‍ത്തനത്തിനും കൂടി ഉപകാരപ്പെടുവെന്ന് ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ജീനോം ഡേറ്റാ സെന്റര്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങള്‍, ഡിഫന്‍സ് പാര്‍ക്ക്, സ്പേസ് പാര്‍ക്ക്, എ ഐ ക്യാമറ തുടങ്ങിയ സംവിധാനങ്ങളൊക്കെ കേരളത്തില്‍ ഒരുക്കുന്നത്. സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിക്കൊണ്ട് കൃഷിയെ മുതല്‍ ആതുരശുശ്രൂഷയെ വരെ നവീകരിക്കുകയാണ്. നാടിന്റെ വളര്‍ച്ചയ്ക്ക് കാര്‍ഷികവളര്‍ച്ച ഉണ്ടായേ തീരൂ. എന്നാല്‍ യുവാക്കള്‍ ആ രംഗത്തു നിന്നു മുഖം തിരിച്ചു നില്‍ക്കുന്ന അവസ്ഥയുണ്ട്. ആ നില മാറണം. കാര്‍ഷികവൃത്തിയിലേക്കു യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയണം. വ്യാവസായിക ഉത്പാദന വര്‍ദ്ധനവിനുള്ള നടപടികളുടെ ഭാഗമായണു സംരംഭക വര്‍ഷം, മിഷന്‍ 1000 ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഇവ കേരളത്തിന്റെ വ്യവസായ മേഖലയെ ചടുലമാക്കിക്കൊണ്ടിരിക്കുകയാണ്. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഉത്പാദക സംസ്ഥാനമാക്കി മാറ്റുകയും അതുവഴി ചെറുപ്പക്കാര്‍ക്ക് ആവശ്യമായ തൊഴിലുകള്‍ ലഭ്യമാക്കി ഉദ്യോഗാര്‍ഥി എന്ന തലത്തില്‍ നിന്ന് ഉദ്യോഗ ദാതാക്കളായി നമ്മുടെ ചെറുപ്പക്കാരെ മാറ്റിയെടുക്കാനാണു സര്‍ക്കാരിന്റെ ശ്രമം.

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് 2022-23 ല്‍ സംരംഭക വര്‍ഷം പദ്ധതി നടപ്പാക്കിയത്. ആദ്യത്തെ എട്ട് മാസംകൊണ്ടുതന്നെ പ്രതീക്ഷിച്ച ലക്ഷ്യം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,39,000 ത്തിലധികം സംരംഭങ്ങള്‍ പുതുതായി നാട്ടില്‍ സൃഷ്ടിക്കപ്പെട്ടു. മൂന്നു ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. ഇതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഈ സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷം 2.0 പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 91,000 ത്തോളം സംരംഭങ്ങള്‍ ആരംഭിക്കുകയും 6,100 കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കുകയും 1,90,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. വ്യവസായ വളര്‍ച്ച ലക്ഷ്യമിട്ടു മിഷന്‍ 1000 എന്ന പദ്ധതി ആവിഷ്‌ക്കരിച്ചു. കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1,000 എം എസ് എം ഇകളെ നാലു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റിത്തീര്‍ക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനോടകം 552 അപേക്ഷകള്‍ ലഭിച്ചു. 88 എണ്ണത്തിന്റെ പരിശോധന പൂര്‍ത്തിയാക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ വ്യവസായ വളര്‍ച്ച 17.3 ശതമാനമാണ്.

ഉന്നതവിദ്യാഭ്യാസം സിദ്ധിച്ചിട്ടും തൊഴിലെടുക്കാന്‍ കഴിയാത്ത നിരവധി സ്ത്രീകള്‍ നാട്ടിലുണ്ട്. അവര്‍ക്ക് ലോക തൊഴില്‍ വിപണിയിലേക്കുള്ള അവസരങ്ങള്‍ തുറന്നു നല്‍കുന്നതിനായി സര്‍ക്കാര്‍ പല ഇടപെടലുകളും നടത്തുകയാണ്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം പോലുള്ളവ അതിന് ഉദാഹരണമാണ്. വ്യവസായങ്ങളെ പരിപോഷിപ്പിച്ചു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. വര്‍ക്ക് എവേ ഫ്രം ഹോം പോലെ തൊഴില്‍ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ടൂറിസം രംഗത്തിനുകൂടി ഉപകാരപ്പെടും. പ്രാദേശിക ടൂറിസം വികസനത്തിലടക്കം ഇത് മികച്ച സംഭാവന നല്‍കും. സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്കു ശക്തമായ പിന്തുണയാണു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ യുവാക്കള്‍ക്കു പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് നയമാണ് നടപ്പാക്കുന്നത്.

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലൂടെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ 778 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 35 കോടി രൂപ വിതരണം ചെയ്തു. ഇതിന്റെയൊക്കെ ഫലമായി ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌കാരം കേരളം സ്വന്തമാക്കി. സ്റ്റാര്‍ട്ടപ്പ് ജീനോമിന്റെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് റേറ്റിംഗില്‍ ഏഷ്യയില്‍ ഒന്നാമതാണ് കേരളം. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്ററായി യു ബി ഐ ഗ്ലോബല്‍ തെരഞ്ഞെടുത്തത് കേരള സ്റ്റാര്‍ട്ടപ്പ് മിഷനെയാണ്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളും പരമ്പരാഗത വ്യവസായങ്ങളും തമ്മില്‍ സഹകരിക്കുന്ന സാഹചര്യം സൃഷ്ടിച്ചെടുക്കണം. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലത്ത് പരമ്പരാഗത വ്യവസായ മേഖലയില്‍ നൂതന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താനും കഴിയണം. ലോക വസ്ത്ര വിപണിയില്‍ മാറിവരുന്ന സങ്കല്‍പങ്ങള്‍ക്കനുസരിച്ച് പുതിയ വിഭവങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫാബ് ലാബുകള്‍ പ്രയോജനപ്പെടുത്തണം. ഓരോ മേഖലയ്ക്കും ഉതകുന്ന വിധത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ ഉപയോഗപ്പെടുത്താന്‍ യുവാക്കള്‍ക്കു കഴിയണം. അതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും.

വ്യത്യസ്ത മേഖലകളിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കാതെയിരിക്കുന്നതുമായി ബന്ധപ്പെട്ട പിഴ വര്‍ധിപ്പിച്ചുകൊണ്ട് 2017 ല്‍ മിനിമം വേജ് ആക്റ്റില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നു. ഗിഗ് മേഖലയിലെ തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ഉറപ്പാക്കുന്നതിനായി ഗിഗ് സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നതിനുള്ള ഒരു നയം രൂപീകരിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ഓണ്‍ലൈന്‍ ഡെലിവറി ഏജന്റുമാര്‍ക്കായി ഒരു ക്ഷേമനിധി രൂപീകരിക്കുന്ന കാര്യവും പരിഗണനയിലാണ്. ഡിജിറ്റല്‍ ലേബര്‍ പ്ലാറ്റ്‌ഫോമുകളും പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ കൂട്ടായ്മകളും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനു സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. കേരള ഷോപ്പ്സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) നിയമം, 2018 വഴി ‘ഇരിക്കാനുള്ള അവകാശം’ ഉറപ്പാക്കിയത് വനിതകള്‍ക്ക് ഏറെ പ്രയോജനകരമായി. 2017 ലെ മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) നിയമം, 2017 ലെ വ്യാവസായിക തര്‍ക്ക (കേരള ഭേദഗതി) നിയമം എന്നിവയും പ്രസക്തമാണ്. കേരള സര്‍ക്കാര്‍ ഗാര്‍ഹിക തൊഴിലാളി (നിയന്ത്രണവും ക്ഷേമവും) ബില്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ ബില്‍ കൊണ്ടുവരന്നു ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണു കേരളം. ഹോം നഴ്‌സുമാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ന്യായമായ വേതനവും ആരോഗ്യ ആനുകൂല്യങ്ങളും ശമ്പളത്തോടുകൂടിയ അവധിയും ലഭ്യമാക്കാനാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്.

തൊഴിലാളിക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടുതന്നെയാണു കേരളം വ്യവസായ മുന്നേറ്റം കൈവരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ വ്യവസായങ്ങള്‍ വളരുന്നില്ലായെന്നും ഇവിടെ നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയില്ലായെന്നും ഒക്കെ പ്രചരിപ്പിക്കുന്നവരുണ്ട്. ഇതു വസ്തുതാവിരുദ്ധമാണ്. ഗ്ലോബല്‍ സ്‌പൈസസ് പ്രോസസിങ്ങിന്റെ ഹബ്ബാണ് കേരളം. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 50 ശതമാനത്തോളം കേരളത്തിലാണ്. സീ ഫുഡ് പ്രോസസിംഗ് നടത്തുന്ന 75 ശതമാനം കമ്പനികള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ലോകത്ത് ഏറ്റവുമധികം കൃത്രിമപ്പല്ലുകള്‍ ഉണ്ടാക്കുന്ന കമ്പനിയും, ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനിയും, ലോകത്തെ ഏറ്റവും വലിയ മെഡിക്കല്‍ എക്യുപ്‌മെന്റ് ഉത്പാദന കമ്പനികളിലൊന്നും കേരളത്തിലാണുള്ളത്. 25 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ലോകത്തെതന്നെ ഒരു മുന്‍നിര സോഫ്റ്റ്വെയര്‍ കമ്പനി കേരളം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എയര്‍ബസ്, നിസാന്‍, ടെക്ക് മഹീന്ദ്ര എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നത്. ഈ സര്‍ക്കാരിന്റെ കാലത്താകട്ടെ ടിസിഎസ്, ടാറ്റാ എലക്സി, ഐബിഎം തുടങ്ങിയ കമ്പനികള്‍ കേരളത്തിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയോ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ടോറസ് ഡൗണ്‍ടൗണ്‍ എന്ന വന്‍കിട പദ്ധതി നടപ്പാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കേരളം എത്രമാത്രം വ്യവസായ സൗഹൃദമാണ് എന്നതിന്റെ ഉദാഹരണങ്ങളാണ് ഇതൊക്കെ.

കേരളത്തിലെ പുതിയ കായികനയം യുവജനങ്ങളെ മുന്നില്‍ക്കണ്ടാണു തയാറാക്കിയിട്ടുള്ളത്. എല്ലാവര്‍ക്കും കായികരംഗത്ത് ശാസ്ത്രീയ മാനദണ്ഡങ്ങളോടെ വിദഗ്ധ പരിശീലനം നല്‍കി ഉന്നത നിലവാരമുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കായികനയം പ്രഖ്യാപിച്ചത്. യുവജനങ്ങള്‍ക്ക് കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള കൂടുതല്‍ പദ്ധതികളും പരിപാടികളും ഇതുവഴി ഉണ്ടാകും. ഓരോ വാര്‍ഡിലും കളിക്കളം ഒരുക്കുന്നതിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന സര്‍ക്കാരിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കായികമേഖലയില്‍ തൊഴില്‍ നൈപുണ്യം വികസിപ്പിക്കാന്‍ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ആരംഭിക്കുകയാണ്.

പ്രളയത്തേയും മറ്റു പ്രകൃതി ദുരന്തങ്ങളേയും നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികളേയും അതിജീവിച്ചാണു നാം നവകേരളം സൃഷ്ടിക്കുന്നത്. എന്നാല്‍, കേരളം ആര്‍ജ്ജിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും കേരളത്തെ സാമൂഹികമായും സാമ്പത്തികമായും തകര്‍ക്കാനും ഉള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇവയെല്ലാം അതിജീവിച്ചുവേണം നമുക്ക് മുന്നേറാന്‍. കേരളത്തിന്റെ അതിജീവനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ നമ്മുടെ യുവാക്കള്‍ക്കും കഴിയണം. പ്രതിസന്ധികളും വിഷമങ്ങളും ജീവിതത്തിലുണ്ടാകും. അവയെ മുറിച്ചുകടന്ന് മുന്നോട്ടുപോവുക, അതിനുള്ള കരുത്ത് ആര്‍ജ്ജിക്കുക എന്നതൊക്കെയാണു പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, എ.എ. റഹീം എം. പി, മേയര്‍ ആര്യ രാജേന്ദ്രന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോക്, അനശ്വര രാജന്‍, വിധു പ്രതാപ്, പി.യു. ചിത്ര, നിലീന അത്തോളി, ബി.കെ. ഹരിനാരായണന്‍, അബിന്‍ ജോസഫ്, ഡോ. അമ്പിളി, എന്‍.കെ. ഷബിത, ശ്യാമ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top