Section

malabari-logo-mobile

മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ 49038 കോടിയുടെ നിക്ഷേപം പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവ് ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു

HIGHLIGHTS : Investment of 49038 crores in district banks Increase in non-resident investment District level banking review meeting was held

മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ സെപ്തംബര്‍ പാദത്തില്‍ 49038.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇത്തവണ പ്രവാസി നിക്ഷേപത്തിലും വര്‍ധവുണ്ടായിട്ടുണ്ട്. 14042.81 കോടി രൂപ പ്രവാസി നിക്ഷേപമാണ്. കഴിഞ്ഞ പാദത്തില്‍ (ജൂണ്‍) 13641.09 കോടി രൂപയായിരുന്നു പ്രവാസി നിക്ഷേപം. ജില്ലയിലെ മൊത്തം വായ്പകള്‍ 31457.82 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപെടുത്തുമ്പോള്‍ 1157.28 കോടി രൂപയുടെ വര്‍ധന ഉണ്ടായി. ജില്ലയിലെ സിഡി റേഷ്യോ 64.15 ശതമാനമാണ്. സിഡി റേഷ്യോ (Credit deposit ratio) 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ അത് 60 ശതമാനത്തില്‍ മുകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ.ജി.ബി (81.25 ശതമാനം), കാനറാബാങ്ക് (71 ശതമാനം), എസ്.ബി.ഐ (37.94 ശതമാനം), ഫെഡറല്‍ ബാങ്ക് ( 28.84 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (42.7 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ സിഡി റേഷ്യോ.
വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിലെ മലപ്പുറം ജില്ലയുടെ നേട്ടം 53 ശതമാനമാണ്. 16700 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 8783 കോടി രൂപയുടെ വായ്പകള്‍ നല്‍കി. വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരമുള്ള മുന്‍ഗണനാ മേഖലയിലെ നേട്ടം 56 ശതമാനമാണ്. 6309 കോടി രൂപയുടെ വായ്പകള്‍ നല്‍കാനായി. മറ്റു വിഭാഗങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 2578 കോടി രൂപയുടെ വായ്പകള്‍ നല്‍കി. ഇതിലെ നേട്ടം 47 ശതമാനം ആണ്.

sameeksha-malabarinews

ഈ സാമ്പത്തിക വര്‍ഷം കേരള സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി നടപ്പാക്കിയ പദ്ധതിയാണ് സംരംഭക വര്‍ഷം. ഈ പദ്ധതിയില്‍ ബാങ്കുകളുടെ മികച്ച സഹകരണം ഉണ്ടായതായി യോഗം വിലയിരുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പഞ്ചായത്ത് തലത്തില്‍ ജില്ലാ വ്യവസായ വകുപ്പ് ഇന്റേണ്‍സിനെ നിയമിച്ചിട്ടുണ്ട്. ഇവരുമായി സഹകരിച്ചു ഈ പദ്ധതി വിജയകരമാക്കാന്‍ തുടര്‍ന്നും സഹകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എസ്സി/ എസ്ടി വനിതകള്‍ തുടങ്ങിയവരുടെ മുന്നേറ്റത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിക്കും പരമാവധി പ്രോത്സാഹനം നല്‍കണമെന്നും മുദ്ര, പിഎംഇജിപി, എംഎഫ്എംഇ തുടങ്ങിയ പദ്ധതികളിലൂടെ തുടക്കക്കാരായ സംരംഭകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും അര്‍ഹരായ മറ്റെല്ലാ യൂണിറ്റുകള്‍ക്കും ആവശ്യമായ ധനസഹായം നല്‍ണമെന്നും എല്ലാ ബാങ്കുകളോടും യോഗം ആവശ്യപ്പെട്ടു. കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളായ പി.എം.ജെ.ജെബിവൈ, പിഎംഎസ്ബിവൈ,എപിവൈ എന്നിവ പരമാവധി ഉപഭോക്താക്കളിലെത്തിക്കാന്‍ ബാങ്കുകള്‍ പ്രത്യേക പരിഗണന നല്‍കണമെന്നും യോഗം അഭ്യര്‍ഥിച്ചു.

മലപ്പുറം ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും നിലവില്‍ സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാരുണ്ട്. ഡിജിറ്റല്‍ ബാങ്കിങ്, സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് എഫ്എല്‍സിഎസ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതു കൂടാതെ ആര്‍ബിഐയും ധന്‍ ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച മൂന്ന് സിഎഫ്എലും വേങ്ങര, പൊന്നാനി, നിലമ്പൂര്‍ ബ്ലോക്കുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം താനൂര്‍, തിരുരങ്ങാടി, പെരുമ്പടപ്പ് കുറ്റിപ്പുറം, കാളികാവ്, വണ്ടൂര്‍ ബ്ലോക്കുകളിലും സിഎഫ് കോര്‍ഡിനേറ്റര്‍മാര്‍ ഉണ്ട്. ബാങ്കുകളും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളും ഈ സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മലപ്പുറം മഹേന്ദ്രപുരി ഹോട്ടലില്‍ നടന്ന അവലോകന സമിതി യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം എല്‍ഡിഎം പി.പി ജിതേന്ദ്രന്‍, തിരുവനന്തപുരം ആര്‍ബിഐ എല്‍ഡിഒ പ്രദീപ് കൃഷ്ണന്‍ മാധവ്, നബാര്‍ഡ് ഡിഡിഎം എ.മുഹമ്മദ് റിയാസ്, എസ്ബിഐ, കനറാ ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികള്‍, അഗ്രികള്‍ച്ചര്‍, അനിമല്‍ ഹസ്ബന്‍ഡറി, ഡയറി ഡെവലപ്മെന്റ്, ഡിഐസി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, നുലം, കെവിഐബി എന്നീ വകുപ്പ് തലവന്മാര്‍, കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, എസ്യുപിഎസ് ഇടിഐ പ്രതിനിധികള്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!