അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീരത്തിനു മാത്രമല്ല, മനസ്സിനും ഗുണകരമായ വ്യായാമമുറയാണ് യോഗ. യോഗയുടെ ഔന്നത്യം മറ്റൊരു വ്യായാമത്തിനുമില്ല. എന്നാല്‍ അനാവശ്യമായ മതപരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് യോഗയെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. യോഗ ചെയ്യുമ്പോള്‍ ഋഗ്വേദത്തിലെ ചില ശ്ലോകങ്ങള്‍ ചൊല്ലണമെന്നൊക്കെയാണ് ചിലരുടെ വാദം. എന്നാല്‍ ചരിത്രം രേഖപ്പെടുത്തുന്നത് ഋഗ്വേദത്തിനുമുന്നേ ഭാരതത്തില്‍ യോഗ പ്രചാരത്തിലുണ്ടായിരുന്നുവെന്നാ ണ്. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്.
കുപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് ആരും മുഖം തിരിക്കുന്നത് ശരിയല്ല. തികച്ചും മതാതീത വ്യായാമമുറയായ യോഗയെ ഹൈജാക്ക് ചെയ്ത് മറ്റുള്ളവര്‍ക്ക് അന്യമാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്.
വികസിത രാജ്യങ്ങള്‍ പോലും യോഗയില്‍ വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങള്‍ക്ക് യോഗ ഫലപ്രദമായ പരിഹാരമാണ്. ആരോഗ്യകരമായി ചിന്തിക്കുന്നവര്‍ക്കേ യോഗയെ ഫലപ്രദമായി ഉപയോഗിക്കാനാവൂ. സമൂഹത്തെ സ്‌നേഹിക്കാനാവുന്ന ഒരു മനസ്സ് യോഗാഭ്യാസികള്‍ക്ക് കൈവരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എംഎല്‍എ, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആയുഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍., ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഉഷാകുമാരി,  ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പി.സി.ഒ ഡോ. സുനില്‍ രാജ്, നാഷണല്‍ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷൈലേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles