HIGHLIGHTS : International Day for Disaster Reduction celebrated; 10 APDA Mitra members awarded Badge of Honour
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ആഗോളതലത്തില്‍ ദുരന്ത സാധ്യതാ ലഘൂകരണ സംസ്‌കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ സംയുക്ത തീരുമാനപ്രകാരം ആരംഭിച്ചതാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം. ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ലോകം കൈവരിച്ച നേട്ടങ്ങളെ ഓര്‍ത്തെടുക്കാനുള്ള അവസരമാണ് ഈ ദിനം. ‘സുസ്ഥിരമായ ഭാവിക്കായി യുവ തലമുറയെ ശാക്തീകരിക്കുക’ എന്ന ആശയമാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം മുന്നോട്ടുവയ്ക്കുന്നത്.
ഈ ആശയത്തെ മുന്‍നിര്‍ത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും മലജില്ലാ ഫയര്‍ഫോഴ്സ് വകുപ്പും സംയുക്തമായി ജില്ലയിലെ ആപ്ദാ മിത്ര അംഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 10 പേര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ നല്‍കി ജില്ലാ കളക്ടര്‍ ചടങ്ങില്‍ ആദരിച്ചു. രാജ്യം പലതരത്തിലുള്ള ദുരന്തങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ മാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആപദാ മിത്ര എന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടുകൂടി നടപ്പിലാക്കിയത്. എല്ലാ ജില്ലകളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലവത്തായി നടപ്പിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മലപ്പുറം ജില്ലയിലെ 500 ഓളം വരുന്ന ആപ്ദാ മിത്ര അംഗങ്ങളില്‍ 101 പേര്‍ ട്രൈബല്‍ വളണ്ടിയേഴ്സാണ്.
ഏതൊരു ദുരന്തത്തിലും രക്ഷാ സേനകള്‍ സംഭവസ്ഥലത്ത് എത്തുന്നതിനുമുമ്പ് സമീപത്തുള്ള ആളുകളോ പ്രദേശവാസികളോ അവര്‍ക്കറിയാവുന്ന രീതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടാവും. പലപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിദഗ്ധ പരിശീലനമില്ലാത്തതിനാല്‍ ചില അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ അത്യാഹിതങ്ങള്‍ സംഭവിക്കാന്‍ സാധ്യതകളുണ്ട്. ഇത്തരം കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ആപ്ദാ മിത്ര എന്ന സന്നദ്ധ സേനയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ചവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സേനകളെ സഹായിക്കാനും സാധിക്കും.
ചടങ്ങില്‍ എ.ഡി.എം മുഹമ്മദ് റഫീഖ് സി, ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര്‍ അന്‍വര്‍ സാദത്ത്, മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ സലീം, പെരിനല്‍മണ്ണ സ്റ്റേഷന്‍ ഓഫീസര്‍ ബാബുരാജ്, ആപ്ദാ മിത്ര കോര്‍ഡിനേറ്റര്‍ മുഹമ്മദലി, ഹസാര്‍ഡ് അനലിസ്റ്റ് ആദിത്യ ടി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു