കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ഥികള്‍ മാപ്പുപറഞ്ഞു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി എ മുഹമ്മദ് ഫാസില്‍ അടക്കം 6 വിദ്യാര്‍ഥികള്‍ മാപ്പു പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്കാദമിക് കൗണ്‍സില്‍ തുടര്‍നടപടി തീരുമാനിച്ചത്. കോളേജ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് വിദ്യാര്‍ഥികള്‍ മാപ്പ് പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ അധ്യാപകനായ ഡോ. പ്രിയേഷിനോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് കെഎസ്യു നേതാവടക്കം അപമാനിച്ചത്. ക്ലാസെടുക്കുന്നതിനിടെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി എ മുഹമ്മദ് ഫാസില്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നിന്നു. അദ്ദേഹത്തെ കളിയാക്കുന്ന പെരുമാറ്റവുമുണ്ടായി. ചില വിദ്യാര്‍ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ഥി ചിത്രീകരിച്ചു. പിന്നീട് ദൃശ്യം ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

വിഷയം അറിഞ്ഞ ഉടന്‍ പ്രിയേഷ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. ഡിപ്പാര്‍ട്ട്മെന്റ് കൗണ്‍സിലിലും പരാതി സമര്‍പ്പിച്ചു. തുടര്‍ന്നാണ് മുഹമ്മദ് ഫാസിലിനെ സസ്പെന്‍ഡ് ചെയ്തത്. വി രാഗേഷ്, എന്‍ ആര്‍ പ്രിയത, എം ആദിത്യ, നന്ദന സാഗര്‍, ഫാത്തിമ നഫ്ലം എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. രാഗേഷാണ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top