HIGHLIGHTS : Innovative projects of local bodies; 8 projects including 'Rising Maniyoor' and 'Honey Museum' approved
കോഴിക്കോട്:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന ജില്ലാതല വിദഗ്ധസമിതി യോഗം ചേര്‍ന്ന് എട്ട് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
ഇതില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ‘റൈസിംഗ് മണിയൂര്‍’, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സംരംഭമായ ‘തേന്‍ മ്യൂസിയം’, കോഴിക്കോട് കോര്‍പ്പറേഷന്റെ ‘വയോജനങ്ങള്‍ക്കുള്ള വാതില്‍പ്പടി സേവനം’ എന്നിവ ഉള്‍പ്പെടുന്നു.
ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനായി സമഗ്ര കായിക പദ്ധതിയായാണ് റൈസിംഗ് മണിയൂര്‍ വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി മണിയൂരിലെ 21 വാര്‍ഡുകളിലും പ്രഭാത വ്യായാമം ഉള്‍പ്പടെ കാര്യക്ഷമമാക്കും. പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള വ്യായാമ മുറകളാണ് പ്രഭാത വ്യായാമ വേദികളില്‍ പരിശീലിപ്പിക്കുക. നടത്തം, സൈക്ലിംഗ്, യോഗ, ഡാന്‍സ് എന്നീ വ്യായാമ രീതികള്‍ ഉള്‍പ്പടെ പരിശീലിക്കും. ഇതിന് വേണ്ട ഉപകരണങ്ങളും സൗകര്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും.
തേന്‍ മ്യൂസിയം പദ്ധതി
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തേന്‍പാറയില്‍ സ്ഥാപിതമാകും. ഇവിടെ തേന്‍ ശേഖരണവുമായി ബന്ധപ്പെട്ട പരമ്പരാഗത സങ്കേതങ്ങളും മാര്‍ഗ്ഗങ്ങളും മറ്റും ആളുകള്‍ക്കായി മ്യൂസിയം രൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയും
കര്‍ഷകരുടെ തേന്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ വില്‍ക്കുകയും ചെയ്യും.
കോഴിക്കോട് കോര്‍പ്പറേഷന്റെ വാതില്‍പ്പടി സേവനം 60 ന് മുകളില്‍ പ്രായമുള്ള, കിടപ്പുരോഗികളേയും നിര്‍ധനരേയും ഉദ്ദേശിച്ചുള്ളതാണ്. കോഴിക്കോട് ഇംഹാന്‍സുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ മൊബൈല്‍ ആംബുലന്‍സ് മുഖേനയാണ് സേവനം ലഭ്യമാക്കുക. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ മരുന്ന് വിതരണം, കെയര്‍ഗിവേഴ്‌സിന് പരിശീലനം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ചാണകം പൊടിച്ച് ജൈവവളമാക്കുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിക്കും അംഗീകാരമായി. യന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടാണ്
ചാണകം പൊടിച്ച് ജൈവവളമാക്കി മാറ്റുക. തദ്ദേശ സ്ഥാപനങ്ങളുടെത് ഉള്‍പ്പെടെയുള്ള കാര്‍ഷിക പദ്ധതികള്‍ക്ക് ഇങ്ങനെയുള്ള വളം ഉപയോഗിക്കും.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിങ് സൊസൈറ്റിയിലെ അംഗങ്ങളായ കര്‍ഷകര്‍ക്ക്
അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനായി ഒരു ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ടില്‍നിന്ന് അനുവദിക്കുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിക്കും അംഗീകാരം ലഭിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ പ്രീ-മെട്രിക് ഹോസ്റ്റല്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ദക്ഷിണേന്ത്യയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്ന പദ്ധതിക്കും അംഗീകാരം ലഭിച്ചു. ദക്ഷിണേന്ത്യയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 14 വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുക.
എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ‘ശാസ്ത്രജാലകം’ പദ്ധതിക്കും അംഗീകാരമായി.
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താനും ശാസ്ത്ര അറിവുകള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനും ഉപകരിക്കുന്ന പദ്ധതിയാണിത്.
ഭൂപടത്തിന്റെ വലിയ മാതൃകകളും മൈക്രോസ്‌കോപ്പിന്റെയും മനുഷ്യ ശരീരത്തിന്റെയും മാതൃകകളും ഉപയോഗിച്ച് ശാസ്ത്രവിജ്ഞാനം പകരുകയാണ് ലക്ഷ്യം.
ആകെ 15 പദ്ധതികളാണ് യോഗം പരിഗണിച്ചത്.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, വളയം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എം സുമതി, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.