നിര്‍മാണ മേഖലയില്‍ വിലക്കയറ്റം; സിമന്റിനും കമ്പിക്കും വന്‍ വില വര്‍ധന

നിര്‍മാണ മേഖലയില്‍ കടുത്ത വിലക്കയറ്റം . ഇന്ധനവില വര്‍ധനവിന് പിന്നാലെ സിമന്റിനും കമ്പിക്കും വിലക്കയറ്റം. അതോടൊപ്പം എം സാന്‍ഡ് , ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്‌സ് എന്നിവയുടെ വിലയും ഉയര്‍ന്നു. ഇതോടെ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ നിര്‍മാണച്ചെലവില്‍ 20 ശതമാനത്തിലധികം വര്‍ധനവുണ്ടായതായി ഈ മേഖലയിലയിലുള്ളവര്‍ പറയുന്നു.

കഴിഞ്ഞ ഒരുമാസത്തിനിടെയാണ് കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ടിഎംടി കമ്പിയുടെ വില ഇത്രയധികം ഉയര്‍ന്നത്. കിലോഗ്രാമിന് 20 രൂപയിലേറെ വര്‍ധന. 85 – 95 രൂപ നിരക്കിലാണ് ഒരു കിലോഗ്രാം കമ്പിയുടെ വില. നേരത്തെ ശരാശരി 65 രൂപക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടിഎംടി കമ്പികളുടെ വില ഇരട്ടിയായി. കോവിഡ് പ്രതിസന്ധി കാലത്തിനു മുന്‍പ് 2020 ന്റെ തുടക്കത്തില്‍ ശരാശരി 45 രൂപയായിരുന്നു ഒരു കിലോഗ്രാം കമ്പിയുടെ വില.

സിമന്റ് വിലയും നിയന്ത്രണമില്ലാതെ മേലോട്ടാണ്. ഏതാനും ദിവസം മുന്‍പാണു ചാക്കിന് 40 – 50 രൂപ വര്‍ധിച്ചത്. മുന്‍നിര കമ്പനികളുടെ സിമന്റിന് ഇപ്പോള്‍ 450 രൂപ നല്‍കണം. ഇടത്തരം കമ്പനികളുടെ സിമന്റിനും വില കൂടി. നേരത്തെ 350 രൂപക്ക് കിട്ടിയിരുന്ന ഇടത്തരം കമ്പനികളുടെ സിമന്റിന് ഇപ്പോള്‍ 380 രൂപ നല്‍കണം. ഇന്ധന വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വില ഉയര്‍ന്നതോടെ ലോണെടുത്തും വായ്പ വാങ്ങിയും സമ്പാദ്യമെല്ലാം സ്വരൂപിച്ചും വീട് നിര്‍മിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

 

Share news
error: Content is protected !!
Scroll to Top