കെഎസ്ആര്‍ടിസി ബസിന് മുന്നിലേക്ക് കുതിച്ച് ‘പടയപ്പ’; ഗ്ലാസ് തകര്‍ത്തു

മൂന്നാറില്‍ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഗ്ലാസ് കാട്ടാന തകര്‍ത്തു. മൂന്നാര്‍ മറയൂര്‍ പാതയിലെ ഡിവൈഎസ്പി ക്യാമ്പ് സെന്ററിന് സമീപമാണ് പടയപ്പ എന്ന കാട്ടാനയുടെ ആക്രമണമുണ്ടായത്..

മൂന്നാര്‍ ഉടുമല്‍പേട്ട സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലാണ് പടയപ്പയെത്തിയത്. ഉടുമല്‍പേട്ടയില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്രക്കിടെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിനു സമീപത്തു വെച്ച് ആന ബസിനു മുമ്പില്‍ നിലയുറപ്പിക്കുകയായിരുന്നു. ബസിനു മുന്നില്‍ ആനയും പ്രകോപനമുണ്ടാക്കാതെ ഡ്രൈവര്‍ ബാബുരാജും നേര്‍ക്കുനേര്‍ നിന്നു. കണ്ടക്ടര്‍ വിമല്‍ദാസും അമ്പതോളം യാത്രക്കാരും ഭീതിയുടെ മുള്‍മുനയില്‍.

കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ബസിന്റെ ഗ്ലാസിനു കേടുപാട് സംഭവിച്ചതൊഴിച്ചാല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മറ്റ് അപകടങ്ങള്‍ ഒഴിവാക്കി. അല്‍പ സമയത്തിന് ശേഷം കാട്ടാനയെ മറികടന്ന് ബസ് യാത്ര തുടര്‍ന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top