ടിക്കറ്റ് റീഫണ്ടിങ്ങിന് പുതിയ സമയക്രമവുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ ടിക്കറ്റുകള്‍ റദ്ദാക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ച് ഇന്ത്യന്‍ റെയില്‍വേ. ബെര്‍ത്ത് ഉറപ്പായ ടിക്കറ്റുകള്‍ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്പ്റദ്ദാക്കിയാലേ മുഴുവന്‍ തുകയും തിരിച്ചു കിട്ടൂ. റദ്ദാക്കല്‍ ചാര്‍ജ് ഇനത്തിലെ നാമമാത്രമായ തുകയേ ഈടാക്കൂ. നേരത്തെ ഇത് 48 മണിക്കൂര്‍ മുമ്പ് വരെയായിരുന്നു. ഏപ്രില്‍ 15-നകം പരിഷ്‌കാരം നിലവില്‍ വരുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ക്യാന്‍സല്‍ ചെയ്യുന്നവരില്‍ നിന്ന് ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക ഈടാക്കും. 8 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ 50 ശതമാനം തുക ഈടാക്കും. 8 മണിക്കൂറില്‍ കുറവാണെങ്കില്‍ ഒരു തുകയും കിട്ടില്ല. നിലവില്‍ ഇത് നാല് മണിക്കൂര്‍ മുമ്പ് വരെയായിരുന്നു.അവസാന നിമിഷം ടിക്കറ്റ് ക്യാന്‍സല്‍ കുറയ്ക്കുന്നതിനും മറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നീക്കം. റീഫണ്ട് തുക നല്‍കുന്ന നടപടികളും റെയില്‍വെ എളുപ്പമാക്കിയിട്ടുണ്ട്.

ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ബോര്‍ഡിങ് സ്റ്റേഷന്‍ മാറ്റാം. നിലവില്‍ അന്തിമ ചാര്‍ട്ട് ഇറങ്ങുന്നതിനു മുമ്പ് മാത്രമാണ് ഈ സൗകര്യം. കൗണ്ടര്‍വഴി ടിക്കറ്റെടുക്കുന്നവര്‍ക്ക് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പുവരെ മാറ്റാം. നിലവില്‍ ഇതും ചാര്‍ട്ടിങ്ങിനുമുമ്പ് വേണമായിരുന്നു. കൗണ്ടര്‍വഴി റിസര്‍വ്ചെയ്യുന്ന ടിക്കറ്റ് യാത്ര അവസാനിക്കുന്ന സ്റ്റേഷനില്‍ നിന്നുമാത്രമേ യാത്രക്കാര്‍ക്ക് നിലവില്‍ റദ്ദാക്കാനാകുമായിരുന്നുള്ളൂ. ഇത് മാറ്റി രാജ്യത്തെ ഏത് സ്റ്റേഷനില്‍നിന്നും ടിക്കറ്റ് റദ്ദാക്കാം.

യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ ട്രാവല്‍ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാം, നേരത്തെ ചാര്‍ട്ട് വരുന്നതിന് മുന്‍പ് ചെയ്യണമായിരുന്നു.ഇനി അടുത്തുള്ള ഏത് സ്റ്റേഷനില്‍ നിന്നും ബോര്‍ഡിംഗ് മാറ്റി കയറാം, നഗര മേഖലകളില്‍ വലിയ ഗുണമാകും എന്ന് റെയില്‍വേ വ്യക്തമാക്കി. ഇതും നേരത്തെ ചാര്‍ട്ട് വരുന്നതിന് മുന്‍പ് ചെയ്യണമായിരുന്നു.

Share news
error: Content is protected !!
Scroll to Top