റഷ്യന്‍ ആക്രമണം രൂക്ഷമായ യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഇന്ത്യന്‍ പതാകയേന്തി പാക്-തുര്‍ക്കി വിദ്യാര്‍ത്ഥികള്‍. ഇന്ത്യയുടെ ദേശീയപതാകയുമായി യാത്ര ചെയ്തതു കൊണ്ട് പ്രശ്നങ്ങളില്ലാതെ അതിര്‍ത്തി കടക്കാനായെന്നും ചില പാക്കിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളും സുരക്ഷയ്ക്കായി ത്രിവര്‍ണപതാക കൈയിലേന്തിയെന്നും യുക്രൈനില്‍ നിന്ന് റുമാനിയയിലേക്കു രക്ഷപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
‘സ്പ്രേ പെയിന്റ് വാങ്ങി കര്‍ട്ടനുകളില്‍ ത്രിവര്‍ണം പൂശി. കര്‍ട്ടന്‍ കീറിയെടുത്ത് പല പതാകകളാക്കി കൈയില്‍ പിടിച്ചു. ചില പാക്കിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികളും ഇന്ത്യയുടെ പതാക പിടിച്ചാണു ചെക് പോയിന്റുകള്‍ കടന്നത്. യുക്രൈനില്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇന്ത്യന്‍ പതാക കൈയില്‍ കരുതണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പതാകയുമായി വിദ്യാര്‍ത്ഥികള്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിച്ച പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാകയേന്തി യാത്ര ചെയ്തതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒഡേസയില്‍ നിന്നു ബസിലായിരുന്നു യാത്ര. ബസിലും ദേശീയപതാക പ്രദര്‍ശിപ്പിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതേസമയം, യുക്രൈന്‍ രക്ഷാദൗത്യ ആദ്യ വ്യോമസേന വിമാനം സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ഇന്ത്യയിലെത്തി. 200 ഇന്ത്യന്‍ പൗരന്മാരുമായി സി-17 വിമാനം ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ലാന്‍ഡ് ചെയ്തു. പോളണ്ട്, ഹംഗറി എന്നിവടങ്ങളിലേക്ക് പോയ രണ്ട് സി-17 വിമാനങ്ങളും ഇന്ന് എട്ടു മണിക്കെത്തും. അടുത്ത 24 മണിക്കൂറില്‍ 15 രക്ഷാദൗത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തും.
യുക്രൈനിലെ ഹര്‍കീവില്‍ വിദ്യാര്‍ഥികളടക്കം ഏഴുനൂറോളം ഇന്ത്യക്കാര്‍ ജീവന്‍ പണയം വച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് കൂട്ടമായി മാര്‍ച്ച് ചെയ്യുകയാണെന്ന് കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി നവീന്റെ സഹപാഠികള്‍ അറിയിച്ചു. 7 ദിവസത്തോളം കഴിഞ്ഞ ബങ്കറില്‍ നിന്ന് ഇന്ത്യന്‍ പതാകകളും കയ്യിലേന്തിയാണ് അവര്‍ 7 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ സ്‌റ്റേഷനിലേക്കു തിരിച്ചത്. യുക്രൈന്റെ കിഴക്കു ഭാഗത്തുള്ള ഹര്‍കീവില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കു ട്രെയിനില്‍ എത്താനാണു നീക്കം. പടിഞ്ഞാറന്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണിപ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഒഴിപ്പിക്കല്‍ നടത്തുന്നത്.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായാണ് വിമാനം വ്യോമസേന വിമാനം ഉപയോഗപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിന് ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. ഒഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കുന്നതിനായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും റുമാനിയയിലെത്തിയിരുന്നു.



