
കിവീസിനെ 372 റൺസിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. വാങ്കഡെ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 540 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് 167 റൺസിന് ഓൾ ഔട്ടായി. നാലു വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ അശ്വിനും ജയന്ത് യാദവും കിവീസിനെ തകർത്തു.
കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര വിജയമാണിത്.
അഞ്ചിന് 140 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് 26 റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാൻ ആയുള്ളൂ. 69 പന്തുകൾ മാത്രമാണ് നാലാം ദിനം കിവീസ് ബാറ്റ്സ്മാൻമാർക്ക് പ്രതിരോധിക്കാനായത്. നാലാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. പത്ത് റൺസ് ചേർത്തപ്പോഴേക്കും മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു .
ഒന്നാം ഇന്നിംഗ്സിൽ വെറും 62 റൺസിന് പുറത്തായ കിവീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റൺസെടുത്തു രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.




