ബെംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ലെബനാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിന് വീഴ്ത്തി സുനില്‍ ഛേത്രിയുടെ നീലപ്പട ഫൈനലില്‍. നിശ്ചിതസമയവും എക്സ്ട്രാടൈമും ഗോള്‍രഹിതമായി തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കളത്തിലുണ്ടായിരുന്ന 120+5 മിനുറ്റുകളില്‍ ഇരു ടീമിനും ലക്ഷ്യം കാണാനായിരുന്നില്ല. ഫൈനലില്‍ കുവൈത്താണ് ഇന്ത്യന്‍ ടീമിന്റെ എതിരാളികള്‍. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് തടഞ്ഞുനിര്‍ത്തിയാണ് കുവൈത്ത് ഫൈനലില്‍ എത്തിയത്. ബെംഗളൂരുവില്‍ ജൂലൈ നാലിനാണ് ഇന്ത്യ-കുവൈത്ത് കലാശപ്പോര്.
പിന്നാലെ നടന്ന ആവേശ ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ടീമിനായി നായകന്‍ സുനില്‍ ഛേത്രിയും അന്‍വര്‍ അലിയും മഹേഷ് സിംഗും ഉദാന്ത സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ലെബനാനായി ഹസ്സന്‍ മാതൂക്, ഖലീല്‍ ബാദര്‍ എന്നിവരെടുത്ത കിക്കുകള്‍ പാഴായി. മുഹമ്മദ് സാദേക്, വാലിദ് ഷോര്‍ എന്നിവരുടെ കിക്കുകള്‍ മാത്രമാണ് വലയിലെത്തിയത്. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം 4-2ന്റെ ജയത്തോടെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.
ഗോള്‍ബാറിന് കീഴെ ഗുര്‍പ്രീത് സിംഗ് സന്ധു ഇറങ്ങിയപ്പോള്‍ സുനില്‍ ഛേത്രി, സഹല്‍ അബ്ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍, ലാലിയന്‍സ്വാല ചാങ്‌തെ ജീക്‌സണ്‍ സിംഗ്, അനിരുത്ഥ് ഥാപ്പ, ആശിഷ് ബോസ്, അന്‍വര്‍ അലി, മഹേഷ് സിംഗ്, പ്രീതം കോട്ടാല്‍ എന്നിവരായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍. എന്നാല്‍ പൂര്‍ണസമയത്തും അധികസമയത്തും ഒരിക്കല്‍ പോലും വല ചലിപ്പിക്കാന്‍ ടീമിനായില്ല. ഗോളെന്ന് ഉറച്ച അവസരങ്ങള്‍ സുനില്‍ ഛേത്രിക്ക് ലഭിച്ചിരുന്നു. ടാര്‍ഗറ്റ് ലക്ഷ്യമാക്കി ആറ് ഷോട്ടുകള്‍ ഇന്ത്യന്‍ താരങ്ങള്‍ പായിച്ചു. ഒടുവില്‍ ഷൂട്ടൗട്ടില്‍ ഛേത്രി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യന്‍ ടീം ഫൈനല്‍ പ്രവേശനം ഉറപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




