ഇംഗ്ലണ്ടിനെ 68 റണ്‍സിന്‌ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

ഗയാന: ഫൈനലിലേക്ക് ഇന്ത്യന്‍ പടയോട്ടം. ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ 172 റണ്‍സ് വിജയലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ 16.4 ഓവറില്‍ 103ന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. 68 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പൊരുതാന്‍ ശ്രമിച്ച ബ്ടലറിനെ അക്‌സര്‍ കൂടാരം കയറ്റിയപ്പോള്‍ സാള്‍ട്ടിന്റെ കുറ്റിയറുത്ത് ബുംറ വരവറിയിച്ചു. പിന്നാലെ വീണ്ടും അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ബെയര്‍‌സ്റ്റോ ക്ലീന്‍ ബൗള്‍ഡ്. മൊയീന്‍ അലിയെ അക്‌സറിന്റെ പന്തില്‍ സ്റ്റമ്പിങ്കിലൂടെ പൂറത്താക്കി പന്തും സാന്നിധ്യമറിയിച്ചു. വൈകാതെ കുല്‍ദീപിന്റെ വരവോടെ സാം കറന്‍ എല്‍ബി ഡബ്ലൂയില്‍ കുടുങ്ങി പുറത്തേക്ക്. 5 വിക്കറ്റിന് 49 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. ഒമ്പതാം ഓവറില്‍ ആദ്യ പന്തിലായിരുന്നു കുല്‍ദീപ് വിക്കറ്റ് നേടിയത്.

റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ബ്രൂക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി കുല്‍ദീപ് രണ്ടാം വിക്കറ്റ് സ്വന്തമാക്കുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 68ന് ആറ് എന്ന നിലയിലാണ്. കുല്‍ദീപ് തന്റെ നാലാം ഓവറില്‍ ഒന്നാമത്തെ പന്തില്‍ എല്‍ബി ഡബ്യൂവിലൂടെ ജോര്‍ദാനെയും കൂടാരം കയറ്റി. 72 റണ്‍സ് മാത്രമായിരുന്നു ഈ സമയം ഇംഗ്ലണ്ടിന്റെ അക്കൗണ്ടില്‍.

ലിവിങ്സ്റ്റണ്‍ കുല്‍ദീപിന്റെ ത്രോയില്‍ അക്‌സര്‍ റണ്‍ഔട്ട് പൂര്‍ത്തിയാക്കിയപ്പോള്‍, ആദില്‍ റഷീദിനെ കുല്‍ദീപ് റണ്‍ഔട്ടാക്കി. പിന്നാലെ ജോഫ്രാ ആര്‍ച്ചറിനെ ബുംറ എല്‍ബിഡബ്ല്യൂവില്‍ കുടുക്കിയതോടെ 16.4 ഓവറില്‍ ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. ഇതോടെ 2022 ലോകകപ്പില്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങി പുറത്തായതിന്റെ പകവീട്ടല്‍ കൂടിയാണ് ഇത്തവണത്തെ ലോകകപ്പ് ഫൈനല്‍ പ്രവേശം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top