ബംഗ്ലാദേശില്‍ ഖില്‍ഖേത്തിലെ ദുര്‍ഗാ ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ വിമര്‍ശിച്ച് ഇന്ത്യ

ദില്ലി: ധാക്കയിലെ ഖില്‍ഖേത്തിലെ ദുര്‍ഗാ ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ക്ഷേത്രം പൊളിച്ചുനീക്കിയ നടപടിയെ അപലപിക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ സംഭവം കൈകാര്യം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും തീവ്രവാദികളുമായി സഹകരിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. ധാക്കയിലെ ഖില്‍ഖേത്തിലെ ദുര്‍ഗാ ക്ഷേത്രം പൊളിക്കണമെന്ന് തീവ്രവാദികള്‍ ആഹ്വാനം ചെയ്തിരുന്നുവെന്ന് മനസ്സിലാക്കുന്നു. ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുപകരം, ഇടക്കാല സര്‍ക്കാര്‍ ഈ സംഭവത്തെ ഭൂമികൈയേറ്റമായി ചിത്രീകരിച്ച് ക്ഷേത്രം നശിപ്പിക്കാന്‍ അനുവദിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

ക്ഷേത്രം സംരക്ഷിക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ക്ഷേത്രം പൊളിച്ചുമാറ്റിയതായും മാറ്റി സ്ഥാപിക്കുന്നതിന് മുമ്പ് വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ബംഗ്ലാദേശില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഞങ്ങള്‍ക്ക് നിരാശാജനകമാണെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷ സമുദായങ്ങളെയും അവരുടെ സ്വത്തുക്കളെയും മതസ്ഥാപനങ്ങളെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ അടിവരയിട്ട് പറയുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top