Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ മുണ്ടിവീക്കം കേസുകളില്‍ വര്‍ധനവ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

HIGHLIGHTS : Increase in mumps cases in Malappuram district; Health department to be cautious

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുണ്ടിവീക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ഈ അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ . ആര്‍ . രേണുക അറിയിച്ചു. മുണ്ടി നീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലം ആണ് ഉണ്ടാകുന്നത് . വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.

അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്.

sameeksha-malabarinews

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു .
വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങള്‍ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.

വായ തുറക്കുന്നതിനും, ചവയ്ക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും എന്നതിനാല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചേക്കാം, അതിനാല്‍ ദ്രവരൂപത്തിലുള്ള ആഹാരം കൂടുതലായി നല്‍കുന്നതിനും, വായയുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്.

അസുഖ ബാധിതര്‍ പൂര്‍ണമായും അസുഖം മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. സാധാരണയായി ഒന്ന് മുതല്‍ രണ്ട് ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്.

ഈ രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികള്‍ക്ക് ജനിച്ചശേഷം 16 മുതല്‍ 24 വരെയുള്ള മാസങ്ങളില്‍ എം എം ആര്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളില്‍ നിന്നും പ്രതിരോധം നല്‍കാം. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതല്‍ കാണപ്പെടുന്നത്.
മുണ്ടിനീര് ബാധിക്കുന്നവര്‍ രോഗത്തെ അവഗണിക്കുകയോ സ്വയം ചികിത്സ ചെയ്യുകയോ ചെയ്യാതെ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!