വഴുതക്കാട് ബൈക്ക് യാത്രക്കാരെ കാര്‍ ഇടിച്ച് നിര്‍ത്താതെ പോയ സംഭവം;മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി:സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വഴുതക്കാട് വെച്ച് ബൈക്ക് യാത്രികരെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയതിന് നടന്‍ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരായ മണിയന്‍ പിള്ള രാജുവിനെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി.ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. അമിത വേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. താന്‍ പരിഭ്രമിച്ചെന്നും കാര്‍ നിര്‍ത്താതിരുന്നത് തെറ്റായിപ്പോയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

അതെസമയം അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മണിയന്‍പിള്ള രാജുവിന്റെ വാഹനം റോഡിലേക്ക് ഇന്‍ഡിക്കേറ്ററിട്ട് തിരിയുന്നതും അതിവേഗതില്‍ വരുന്ന ബൈക്ക് കാറില്‍ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ തങ്ങളുടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയെന്നാണ് യുവാക്കളുടെ മൊഴി. അപകടത്തില്‍ യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

വാഹനത്തില്‍ ഇടിച്ചതോടെ താന്‍ പാനിക്കായിപോയെന്നും സുഹൃത്തുക്കളെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു വെന്നും ആംബുലന്‍സ് ക്രമീകരിക്കാനും ആവശ്യപ്പെട്ടതായും മണിയന്‍പിള്ള രാജു പറഞ്ഞു. ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം നടന്നത്.

Share news
error: Content is protected !!
Scroll to Top