
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് നല്‍കിയ ഇളവ് അമേരിക്ക പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നത് തടയാനാണ് നേരത്തെ 30 ദിവസത്തെ താല്‍ക്കാലിക ഇളവ് ഇന്ത്യയ്ക്ക് നല്‍കിയത്. കൂടാതെ അമേരിക്കയുടെ നിര്‍ണായക പങ്കാളിയായ ഇന്ത്യ ഇനിമുതല്‍ അമേരിക്കയില്‍ നിന്നുള്ള എണ്ണയിറക്കുമതി വര്‍ദ്ധിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായും ട്രഷറീസ് സെക്രട്ടറി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ മാര്‍ച്ച് പകുതിയോടെയായിരുന്നു ഒരുമാസത്തേക്ക് അമേരിക്ക റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധത്തില്‍ ഇളവനുവദിച്ചത്. ഏപ്രില്‍ 11ന് ഇളവിന്റെ കാലാവധി തീര്‍ന്നു. ഏപ്രിൽ 19ന് ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന ഇളവ് അവസാനിക്കും. മുപ്പത് ദിവസത്തെ ഇളവാണ് നൽകിയിരുന്നത്.
അതേസമയം ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ സ്വത്തല്ലെന്ന് യുഎഇ. ഗള്‍ഫ് രാജ്യങ്ങള്‍ ഹോര്‍മുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തരശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും യുഎഇ വ്യക്തമാക്കി. അതേസമയം മധ്യസ്ഥ ചര്‍ച്ചകളില്‍ വിട്ടുവീഴ്ച മനോഭാവത്തോടെ പങ്കെടുക്കണമെന്ന് ഖത്തര്‍ ഇറാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്ലാമാബാദില്‍ ചര്‍ച്ച പരാജയപ്പെട്ടത് അമേരിക്കയുടെ അന്യായ ആവശ്യങ്ങളും ഉപരോധവും മൂലമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
അതേസമയം, യുഎസ് – ഇസ്രായേൽ – ഇറാൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതും ആഗോള വിപണിയെ ബാധിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറഞ്ഞു. എണ്ണ വില ബാരലിന് നൂറ് ഡോളറിന് മുകളിൽ ഉയർന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




