നെടുങ്കണ്ടം : ഉടുമ്പന്‍ചോലയില്‍ യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉടുമ്പന്‍ചോല പാറക്കല്‍ ഷീല (31)യെയാണ് അയല്‍വാസിയായ ശശി (37) അപായപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴം ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
ഷീല മറ്റ് തൊഴിലാളികള്‍ക്കൊപ്പം കൃഷിയിടത്തില്‍ നിന്നും ഏലയ്ക്ക ശേഖരിക്കുകയായിരുന്നു. ഈ സമയം ഇവിടെയ്ക്കു വന്ന ശശി ഷീലയോട് സംസാരിയ്ക്കുകയും തുടര്‍ന്ന് യുവതിയെ വലിച്ചിഴച്ച് വീട്ടില്‍ കയറ്റുകയും ചെയ്തു. നാട്ടുകാര്‍ ബഹളം വെച്ചതോടെ ഇയാള്‍ വാതിലടച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല പൊലിസ് സ്ഥലത്ത് എത്തി. അപ്പോഴേയ്ക്കും ശശി ഷീലയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയിരുന്നു. ഉടന്‍ തന്നെ വാതില്‍ തകര്‍ത്ത് പൊലീസ് ഇവരെ രക്ഷപെടുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രതിയെ സംഭവ സ്ഥലത്തു നിന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തു. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സാരമായി പൊള്ളലേറ്റ പ്രതി നിലവില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



