രാജസ്ഥാനിലെ ദീഗ് ജില്ലയില്‍ കുട്ടികളില്ലാത്തതിന്റെ പേരില്‍ യുവതിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭര്‍തൃവീട്ടകാര്‍. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സരള ദേവി എന്ന 42 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ഭര്‍തൃവീട്ടുകാര്‍ ചാണകക്കൂമ്പാരത്തിലിട്ട് കത്തിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികളില്ലാത്തതിന്റെ പേരില്‍ വര്‍ഷങ്ങളോളം ഇവര്‍ പീഡനം സഹിച്ചതായി സരള ദേവിയുടെ സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ സരളയുടെ ഭര്‍ത്താവ് അശോക്, ഭര്‍തൃപിതാവ് സുഖ്ബീര്‍ സിംഗ്, ഭര്‍തൃമാതാവ് രാജ്വതി, സഹോദരീഭര്‍ത്താക്കന്‍മാരായ ത്രിലോക്, രാജു, സഹോദരിമാരായ പൂജ, പൂനം എന്നിവര്‍ക്കെതിരെയാണ് കുറ്റകൃത്യം ആരോപിച്ച് സഹോദരന്‍ വിക്രാന്ത് പരാതി നല്‍കി.
ഉച്ചയോടെ, പകുതി കത്തിയ നിലയില്‍ സരളയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ശവസംസ്‌കാര സ്ഥലത്ത് എത്തിയപ്പോള്‍ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് പോലീസിനെ തടയുകയും ആക്രമിക്കുകയും ചെയ്തു.
”പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ പ്രതികള്‍ ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ടാണ് പോലീസ് സംഘത്തെ ആക്രമിച്ചതെന്നുമാണ് സൂചന,”യെന്ന് അഡീഷണല്‍ എസ്പി എ കെ ശര്‍മ്മ പറഞ്ഞു, അക്രമികള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നെന്നും അദേഹം വ്യക്തമാക്കി.
സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സരളയുടെ മൃതദേഹം ചിതയില്‍ നിന്ന് പുറത്തെടുത്ത് ഡീഗ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സരളയുടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.




