ചണ്ഡീഗഡ് സര്‍വകലാശാലയിലെ വനിത ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ ചൊല്ലി വ്യാപക സംഘര്‍ഷം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചണ്ഡീഗഢ് സര്‍വകലാശാലയില്‍ ഇന്നലെ രാത്രി മുതല്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മറ്റൊരു പെണ്‍കുട്ടി പകര്‍ത്തുകയും ആണ്‍കുട്ടികള്‍ക്ക് നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തു.
പഞ്ചാബിലെ ചണ്ഡീഗഡ് സര്‍വകലാശാലയില്‍ പഠിക്കുന്ന 60 പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ എട്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സഹ വിദ്യാര്‍ത്ഥിനിയാണ് വീഡിയോ ചോര്‍ത്തി ഷിംലയിലെ ഒരു ആണ്‍ സുഹൃത്തിന് അയച്ചു കൊടുത്തത്. ഈ ആണ്‍ സുഹൃത്ത് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
കുറ്റാരോപിതയായ വിദ്യാര്‍ത്ഥിനി ഏറെ നാളായി വീഡിയോ എടുത്ത് സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥിനി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറ്റാരോപിതയായ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ചോദ്യം ചെയ്തപ്പോള്‍, ഈ വീഡിയോകള്‍ താനാണ് ആണ്‍കുട്ടികള്‍ക്ക് നല്‍കിയതെന്ന് സമ്മതിച്ചു. എന്നാല്‍ പലതവണ ചോദിച്ചിട്ടും പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയുമായി എന്താണ് ബന്ധമെന്നും അവന്‍ ആരാണെന്നും പറയാന്‍ കുറ്റാരോപിത തയ്യാറായിട്ടില്ല. തനിക്ക് അബദ്ധം പറ്റിയെന്നും, ഇനി ചെയ്യില്ലെന്നും കുറ്റാരോപിത പറയുന്നു.




