ക്ഷേത്രമുറ്റത്ത് ഇഫ്താറൊരുക്കി മലപ്പുറം മാമ്പാട്ടുമൂല ഗ്രാമനിവാസികള്‍

കാളികാവ്; സാഹോദര്യത്തിന്റെയും,സൗഹാര്‍ദ്ധത്തിന്റെയും സന്ദേശങ്ങളുയര്‍ത്തി ആഘോഷങ്ങള്‍ മാറുന്ന അപൂര്‍വ്വ കാഴ്ചക്ക് വഴിയൊരുക്കി മലപ്പുറത്തെ മമ്പാട്ടുമൂല ഗ്രാമം. പാറല്‍ മമ്പാട്ടുമൂല അയ്യപ്പക്ഷേത്രാങ്കണത്തിലാണ് റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച ദിനത്തിലെ നോമ്പു തുറക്കായി ഗ്രാമവാസികള്‍ എത്തിയത്. മഞ്ഞപ്പെട്ടി മഹല്ല് ഭാരവാഹികളും,സിറാജുല്‍ ഹുദ മദ്രസ പ്രവര്‍ത്തകരും വി.കെ കുട്ടി ഫൈസിയുടെ നേതൃത്വത്തില്‍ നോമ്പുതുറക്കായി ക്ഷേത്രമുറ്റത്തെത്തിയപ്പോള്‍ ക്ഷേത്രഭാരവാഹികള്‍ ഇവരെ സ്വീകരിച്ചു. ക്ഷേത്രമൈക്കിലൂടെ അറിയിപ്പ് നല്‍കിയാണ് വിശ്വാസികള്‍ നോമ്പുതുറന്നത്.

പരസ്പര സൗഹൃദം പുതുക്കാനുള്ള അവസരമായാണ് തങ്ങള്‍ ഓരോ ആഘോഷത്തെയും കാണുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. മതസൗഹാര്‍ദ്ധത്തിന് കേളികേട്ടയിടമാണ് മമ്പാട്ടുമൂല. പുതുക്കിപ്പണിത മഞ്ഞപ്പെട്ടി പള്ളിയിലേക്ക് ആദ്യ ഖുര്‍ആന്‍ നല്‍കിയത് കൂലിപ്പണിക്കാരിയായ ദേവകിയായിരുന്നു.

നോമ്പുതറക്ക് ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പി.കെ ഉണ്ണികൃഷ്ണന്‍, സക്രട്ടറി സുനില്‍ കോട്ടയില്‍, ട്രഷറര്‍ കെ. സുരേഷ്ബാബു, പി.കെ രാജന്‍, എകെ ശശീന്ദ്രന്‍, ഏലാമ്പ്ര വേലായുധന്‍, വി.സത്യന്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്‌നേഹ സംഗമത്തില്‍ മുന്നൂറോളം പേരാണ് പങ്കെടുത്തത്.

Share news
error: Content is protected !!
Scroll to Top