ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ആഫ്രിക്കൻ ഭൂഖണ്ഡത്തിനുള്ള അംഗീകാരം: സിസാക്കോ , പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു

ഐ എഫ് എഫ് കെയിലെ ലൈഫ് ടൈം അചീവ്മെൻ്റ് പുരസ്കാരം തനിക്കു മാത്രമല്ല, മുഴുവൻ ആഫ്രിക്കൻ ഭൂഖണ്ഡത്തിനുമുള്ളതാണെന്ന് പുരസ്കാര ജേതാവ് അബ്ദെ റഹ്മാൻ സിസാക്കോ അഭിപ്രായപ്പെട്ടു. മേളയുടെ സമാപന ചടങ്ങിൽ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജീവിതത്തിലെ ഒരു മഹത്തായ നിമിഷമാണിതെന്ന്   സിസാക്കോ പറഞ്ഞു. മേളയിലേക്ക് ക്ഷണിച്ചതിനും തന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചതിനും ഐഎഫ്‌എഫ്‌കെയോട് നന്ദി അറിയിക്കുന്നതായും പറഞ്ഞു.  സിനിമയിലൂടെ കേരളവുമായി ദീർഘകാലമായി  തനിക്ക് ബന്ധമുണ്ടായിരുന്നു. ഷാജി എൻ.കരുൺ സഹോദരതുല്യനായ വ്യക്തിയാണ്. കേരളത്തിലേക്ക് തന്നെ പരിചയപ്പെടുത്തിയതും സിനിമയിലെ ഒരു സഹോദരനെപ്പോലെ എന്നും ഒപ്പമുണ്ടായിരുന്നതും അദ്ദേഹമാണെന്ന് സിസാക്കോ പറഞ്ഞു.
ഇന്ത്യയും ആഫ്രിക്കയും  തമ്മിൽ വിശാലമായ ബന്ധമുണ്ടെന്നും രണ്ടും വിപുലവും അതീവ പ്രാധാന്യവുമുള്ള  സാംസ്കാരിക കേന്ദ്രങ്ങളാണ്. ആഫ്രിക്കയിൽ നിന്നുള്ള ഒരു ചലച്ചിത്രകാരനായി ഈ ബഹുമതി ലഭിക്കുന്നതിൽ അഭിമാനമുണ്ട്.
 പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഈ വർഷത്തെ മേളയിൽ അദ്ദേഹത്തിന്റെ  സിനിമകളായ ലൈഫ് ഓൺ എർത്ത് (1997), കാൻസ് ഫിലിം ഫെസ്റ്റിവലിലെ (2002) ‘അൻ സേർട്ടൻ റിഗാർഡ്’ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള  പുരസ്കാരം ലഭിച്ച വെയിറ്റിംഗ് ഫോർ ഹാപ്പിനെസ് (2002) ,  2006 ലെ  കാൻ ഫെസ്റ്റിവലിൽ ചർച്ച ചെയ്യപ്പെട്ട   ബമാകോ (2006) , 2014-ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ  “പാം ഡോർ’  നാമനിർദ്ദേശം നേടുകയും ,മൗറിറ്റാനിയയുടെ ഔദ്യോഗിക എൻട്രിയായി 87-ാം ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നാമനിർദ്ദേശം ലഭിക്കുകയും ചെയ്ത ടിൻബക്തു ,    അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ 74-ാമത് ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിനായി തിരഞ്ഞെടുക്കപ്പെട്ട ബ്ലാക്ക് ടീ എന്നിവ പ്രദർശിപ്പിച്ചു. ഐ എഫ് എഫ് കെ യിൽ ലോക സിനിമയിലെ മഹത്തായ സംഭാവനകൾക്ക് നൽകി വരുന്ന അംഗീകാരം ആണ് ലൈഫ് ടൈം അചീവമെന്റ് അവാർഡ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top