HIGHLIGHTS : Idavela Babu arrested on harassment complaint; will be released on bail
കൊച്ചി: നടിയുടെ പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളമാണ് തുടര്‍ന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കും.
ഇന്ന് രാവിലെയാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ഹാജരായത്. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചേക്കും. രണ്ട് കേസുകളാണ് ഇടവേള ബാബുവിനെതിരെയുള്ളത്.
അമ്മ സംഘടനയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ നടിയോട് ഫ്‌ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും, പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കഴുത്തില്‍ ചുംബിച്ചെന്നുമാണ് പരാതി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും.
ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ പരാതിയുമുണ്ട്. ഈ പരാതിയില്‍ കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
നടനും എം എല്‍ എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനപരാതിയില്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.