കോഴിക്കോട്: ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വടകര അഴിയൂര്‍ സ്വദേശി റിസ്വാനയുടെ ദുരൂഹ മരണത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃ പിതാവ് അഹമ്മദ് എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍
എട്ത്തത്. ഈ മാസം ആദ്യമാണ് റിസ്വാനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഭര്‍തൃവീട്ടില്‍ നിരന്തരമായി മാനസിക-ശാരീരിക പീഡനത്തിന് റിസ്വാന ഇരയായിരുന്നതായി കുടുംബം പരാതി നല്‍കിയിരുന്നു. കുടുംബത്തിന്റ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. നേരത്തെ ഭര്‍ത്താവിനും പിതാവിനുമൊപ്പം ഭര്‍ത്താവിന്റെ സഹോദരിയേയും അമ്മയെയും പ്രതി ചേര്‍ത്തിരുന്നു.
റിസ്‌വാന ഭര്‍ത്താവിന്റെ വീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ചെന്നായിരുന്നു നാട്ടുകാര്‍ യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. റിസ്വാന കൂട്ടുകാരുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് പെണ്‍കുട്ടി കൂട്ടുകാരുമായുള്ള ചാറ്റുകളില്‍ വ്യക്തമാക്കിയിരുന്നു.




