Section

malabari-logo-mobile

‘ഈ കോണ്‍ഗ്രസ് എങ്ങനെയാണ് ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത്?’ സുധാകരനെയും പരാമര്‍ശിച്ച് എംഎ ബേബി

HIGHLIGHTS : 'How can this Congress mobilize the people against the BJP?' MA Baby also mentioned Sudhakaran

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്ന സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി എംഎ ബേബി. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ആളെപ്പിടിക്കാന്‍ ബിജെപി തുടങ്ങിയെന്നും എംഎ ബേബി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം ശക്തമായി നിലകൊള്ളുന്നതുകൊണ്ടുമാത്രമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ വ്യാപകമായി വലവീശിപ്പിടിക്കാന്‍ ബിജെപിക്ക് കഴിയാത്തതെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.

എംഎ ബേബിയുടെ ഫെയ്‌സ്ബുക്ക പോസ്റ്റ്

sameeksha-malabarinews

എഐസിസി ജനറല്‍ സെക്രട്ടറി ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തലവനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനാണ്. പശ്ചിമ ബംഗാളിന്റെ ചുമതല ആയിരുന്നു. 2008 മുതല്‍ 2012 വരെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ വിവിധ വകുപ്പുകളുടെ സഹമന്ത്രി ആയിരുന്നു. അന്നത്തെ മന്ത്രി സഭയില്‍ ഏറ്റവും ചെറുപ്പക്കാരനായിരുന്ന ഇദ്ദേഹം രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരന്‍ ആയാണ് അറിയപ്പെടുന്നത്. അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ആളെപ്പിടിക്കാന്‍ ബിജെപി തുടങ്ങി എന്നര്‍ത്ഥം.

വ്യക്തികളുടെ പ്രശ്നം അല്ല ഇത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന്റെ പരിമിതിയാണ്. നിങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് ആകെ ഉള്ള വ്യത്യാസം വര്‍ഗീയ പാര്‍ട്ടി അല്ല എന്നത് മാത്രമാണ്. ബിജെപിയുടെ മറ്റു രാഷ്ട്രീയ, സാമ്പത്തിക നയങ്ങളോട് നിങ്ങള്‍ക്ക് എതിര്‍പ്പില്ല. അതുകൊണ്ട് മാത്രം കോണ്‍ഗ്രസില്‍ വരുന്ന ഫ്യൂഡല്‍ രാഷ്ട്രീയം ഉള്ളവര്‍ ബിജെപിയിലേക്ക് പോവുന്നത് സ്വാഭാവിക രാഷ്ട്രീയമാറ്റമാണ്. സിപിഐഎം നേതൃത്വത്തില്‍ ഇടതുപക്ഷം സുശക്തമായി നിലകൊള്ളുന്നതുകൊണ്ടുമാത്രം മറ്റു സംസ്ഥാനങ്ങളിലേതു പോലെ കോണ്‍ഗ്രസ്സ് നേതാക്കളെ വ്യാപകമായി വലവീശിപ്പിടിക്കാന്‍ കേരളത്തില്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല എന്നതു മറക്കുന്നില്ല.

എന്നിരുന്നാലും പുതിയ ഉന്നതചുമതലകള്‍ കൈവശപ്പെടുത്തിയ ഒരു കോണ്‍ഗ്രസ്സ് നേതാവ് ആത്മഗതമായോ ഭീഷണിയായോ പറഞ്ഞവാക്കുകള്‍ ദൃശ്യമാദ്ധ്യമങ്ങളുടെ പക്കല്‍ ഇപ്പോഴും ഉണ്ടാവും. ‘പലപ്രമുഖ ബിജെപിനേതാക്കളും എന്നെ ബന്ധപ്പെടുകയും കാണുകയും ചെയ്തിട്ടുണ്ട്. എനിക്ക് ആ പാര്‍ട്ടിയില്‍ ചേരണമെന്നു തോന്നുകയും ഞാന്‍ ചേരുകയും ചെയ്താല്‍ നിങ്ങള്‍ക്കെന്താ പ്രശ്നം? ‘ ഇന്ന് ആ നേതാവ് പറഞ്ഞത് ഇങ്ങനെയാണ്, ‘എനിക്ക് ബിജെപിയില്‍ ചേരാന്‍ അഴീക്കോടന്‍ രാഘവന്‍ മന്ദിരത്തില്‍ നിന്നുള്ള എന്‍ ഒ സി വേണ്ട.’ അതായത്, ബിജെപിയില്‍ ചേരണമെന്ന് തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും ചേരും, സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് അനുമതി വേണ്ട എന്ന്.

ഈ മനോഭാവവും ചിന്താരീതിയും ഇന്നുള്ള കോണ്‍ഗ്രസ്സിനെ അടിമുടി ഗ്രസിച്ചിരിക്കുന്നു എന്നതാണ് കേന്ദ്രപ്രശ്നം. അതുകൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ബിജെപിയും കോണ്‍ഗ്രസ്സും അവരുടെ കൂട്ടാളികളും എല്‍ ഡി എഫ് സര്‍ക്കാരിനെതിരേ ഒരേ സ്വരത്തില്‍ അപവാദ പ്രചാരണവും സമരാഭാസങ്ങളും സംഘടിപ്പിച്ചത്. ഈ പശ്ചാത്തലത്തില്‍ സ്വാഭാവികമായി ഉയരുന്ന ഒരുചോദ്യമുണ്ട്.-ഈ കോണ്‍ഗ്രസ് എങ്ങനെയാണ് ഇന്ത്യയില്‍ ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത്?

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!