ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസില്‍ പ്രതികളായ റോയി വയലാട്ടില്‍, സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. സിസിടിവി ദൃശ്യങ്ങളും, ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ഒളിവില്‍ കഴിയുന്ന ഇരുവര്‍ക്കുമായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. പ്രതികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുവരും ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ പ്രതികള്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് വിവരം.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ റോയി വയലാട്ടിലിനെയും സൈജു തങ്കച്ചനേയും കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നടപടി തുടങ്ങിയിരുന്നു.
പ്രത്യേക സിറ്റിങ് നടത്തി വാദം കേട്ട ഹൈക്കോടതി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളളവ പരിശോധിച്ചു. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികള്‍ക്ക് ഒത്താശ ചെയ്‌തെന്നാണ് കേസ്. എന്നാല്‍ പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തര്‍ക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് ഇരയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൗരവ്വമേറിയ കേസാണിത്. ഇരയുടെ രഹസ്യമൊഴിയുള്‍പ്പടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമര്‍ശങ്ങള്‍ സ്ഥിരം ജാമ്യത്തിനായി കോടതികള്‍ സമീപിക്കുമ്പോള്‍ പരിഗണിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.




