കരിപ്പൂര്‍: സ്ത്രീകളെ ഉപയോഗിച്ച് ഫോണില്‍ വിളിപ്പിച്ച് കെണിയില്‍
കുടുക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ 2 പേരെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി ജിഷാദ് (32), മലപ്പുറം പെരുവള്ളൂര്‍ സ്വദേശി യാകൂബ് (38) എന്നിവരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് .
പെരിന്തല്‍മണ്ണ സ്വദേശി 2020 ജൂണില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്. ഈ കേസില്‍ രണ്ടുപേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്. കേസില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ വേങ്ങര വാളക്കുട സ്വദേശി ശിഹാബിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മറ്റൊരു കേസില്‍ കര്‍ണാടക ജയിലിലാണ്.
കരിപ്പൂര്‍ വിമാത്താവളത്തിലെത്തുന്ന വിദേശ മലയാളികളെ സ്ത്രീകളെ ഉപയോഗിച്ച് ട്രാപ്പ് ചെയ്ത് അടുത്തുള്ള ലോഡ്ജിലെത്തിച്ച് പണം തട്ടുന്ന രീതിയാണ് സംഘം നടത്തിക്കൊണ്ടിരുന്നത്. ഇതിനായി ഗോവയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സ്ത്രീകളെ എത്തിച്ചിരുന്നതായും സൂചനയുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയില്‍ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പിടിയിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.




