ലഹരിമരുന്ന് കുത്തിവെക്കുന്ന സിറിഞ്ചിലൂടെ എച്ച്‌ഐവി പകര്‍ന്നു;വളാഞ്ചേരിയില്‍ 9 പേര്‍ക്ക് എച്ച്‌ഐവി

മലപ്പുറം:വളാഞ്ചേരിയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒന്‍പത് പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ലഹരി മരുന്ന് കുത്തിവെയ്ക്കാനായി ഉപയോഗിച്ച സിറിഞ്ചുകളിലൂടെയാണ് ഇവര്‍ക്ക് എച്ച്ഐവി പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. വളാഞ്ചേരി ടൗണിനോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകള്‍ കണ്ടെത്തിയത്.

സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കള്‍ കുത്തിവെക്കുന്നവര്‍ക്കിടയില്‍ എച്ച്ഐവി ബാധ കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. സൂചിയില്‍ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാര്‍ ലഹരി കൈമാറുന്നത്. ഉപയോഗിച്ച സൂചി ഇവര്‍ വീണ്ടും ഉപയോഗിക്കുന്നത് പതിവാണ്. 80 ശതമാനംപേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് എക്‌സൈസ് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കൂട്ടുകൂടി ലഹരി കുത്തിവെക്കുന്ന മിക്കവരും ഒരേ സൂചിയാണ് പങ്കിടുന്നത്. ഇതാണ് ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്ഐവി കൂടാന്‍ കാരണം.

കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ ആറു മലയാളികള്‍ക്കും മൂന്ന് അതിഥിത്തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവര്‍ ഒരേ സൂചികള്‍ പങ്കിട്ടതായും വിതരണക്കാര്‍ സൂചികള്‍ വീണ്ടും ഉപയോഗിച്ചതായും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക സ്ഥിരീകരിച്ചു.
കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിക്കുന്നുണ്ട്. ഈ വര്‍ഷം മലപ്പുറം ജില്ലയില്‍മാത്രം 10 പേര്‍ക്ക് രോഗം കണ്ടെത്തിയതായി നോഡല്‍ ഓഫീസര്‍ ഡോ. സി. ഷുബിന്‍ അറിയിച്ചു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top