Section

malabari-logo-mobile

ഐഐടികള്‍ ഇന്ത്യന്‍ യുവതയുടെ സ്വപ്‌നങ്ങളുടെ ചിറകരിയുന്ന ജയിലറകളോ? ലീജീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

HIGHLIGHTS : ജയിലറകള്‍ തകര്‍ത്ത് അറിവിടങ്ങള്‍ പണിതുയര്‍ത്തുന്നത് സ്വപ്‌നം കണ്ട ചാച്ചാജിയില്‍ നിന്നും നമ്മള്‍ ഒരുപാട് അകന്നുപോയിരിക്കുന്നു.

ജയിലറകള്‍ തകര്‍ത്ത് അറിവിടങ്ങള്‍ പണിതുയര്‍ത്തുന്നത് സ്വപ്‌നം കണ്ട ചാച്ചാജിയില്‍ നിന്നും നമ്മള്‍ ഒരുപാട് അകന്നുപോയിരിക്കുന്നു. ഇന്ത്യയിലെ ഐഐടികളില്‍ പഠനത്തിനെത്തുന്ന മിടുക്കികളും മിടുക്കരുമായ ഒരു തലമുറയെ എന്തിനാണ് നമ്മളിങ്ങനെ വേട്ടയാടുന്നത്.
മദ്രാസ് ഐഐടിയിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനി, വെറും പതിനെട്ടു വയസ്സുള്ള ഫാത്തിമ ലത്തീഫിന്റെ  ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ യുവഎഴുത്തുകാരനും പ്രഭാഷകനുമായ ലിജീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ചര്‍ച്ചയാകുന്നു.

ലിജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

sameeksha-malabarinews

ചാച്ചാജീ,
അവള്‍ വിളിക്കുന്നു – വാപ്പിച്ച എന്ന്
………………………………………………………
പശ്ചിമ ബംഗാളിലെ ഒരു ജയിലിന്റെ പേരാണ് ഹിജ്‌ലി. സ്വാതന്ത്ര്യ സമര കാലത്ത് നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്ത ആളുകളെ തടവില്‍ പാര്‍പ്പിച്ചിരുന്നത് അവിടെയാണ്. എതിരഭിപ്രായമുയര്‍ത്തിയവരെ ഉടനടി കൊന്നുകളഞ്ഞിരുന്ന ജയിലാണത്, ഹിജ്‌ലി ഡിറ്റെന്‍ഷന്‍ ക്യാംപ് എന്നറിയപ്പെട്ടിരുന്ന ഈ കുപ്രസിദ്ധ തടവറ വിവാദങ്ങളെ തുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് അമേരിക്കന്‍ എയര്‍ഫോഴ്‌സിന്റെ നിയന്ത്രണത്തിലായിരുന്നു ഹിജ്‌ലി.

ഹിജ്‌ലി അതിന്റെ ചോര മണക്കുന്ന ചരിത്രത്തെ കുഴിച്ചുമൂടുന്നത് 1951 ലാണ്. അന്ന് ആ ശവപ്പറമ്പിന്റെ മുറ്റത്ത് തിങ്ങിക്കൂടിയ മനുഷ്യരെ അഭിസംബോധന ചെയ്തു കൊണ്ട് ജവഹര്‍ ലാല്‍ നെഹ്രു പറഞ്ഞു, ”Here in the place of that Hijli Detention Camp stands the fine monument of India, representing India’s urges, India’s future in the making. This picture seems to me symbolical of the changes that are coming to India -”

ഇന്ത്യയുടെ പ്രേരണകളെ, ഇന്ത്യയുടെ ഭാവിയെ പ്രതിനിധീകരിക്കുന്ന സ്മാരകം എന്ന് നെഹ്രു വാഴ്ത്തിയത് എന്തിനെയാണെന്നറിയുമോ ? അതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഐ.ഐ.ടി – ഐ.ഐ.ടി ഖരഗ്പൂര്‍ നെഹ്‌റു ആവര്‍ത്തിക്കുന്നു, this picture seems to me symbolical of the changes that are coming to India. എല്ലാ ഹിജ്‌ലികളും ഐ.ഐ.ടികളാവുന്ന ദിവസം വരുമെന്ന് അയാള്‍ സ്വപ്നം കണ്ടിരുന്നു. എന്ത് ഭംഗിയുള്ള സ്വപ്നമാണ്, അല്ലേ ?

നിങ്ങള്‍ കണ്ട സ്വപ്നങ്ങളില്‍ നിന്ന് ദൂരേക്കാണ് ഞങ്ങളുടെ നടപ്പ്. ജയിലുകള്‍ സ്‌കൂളായപ്പോള്‍ ഇവിടുത്തെ ജയിലര്‍മാര്‍ മാഷമ്മാരുമായി. സ്വാതന്ത്ര്യ സമരങ്ങള്‍ നയിച്ച കുഞ്ഞുങ്ങളുടെ ചോരയില്‍ ചവിട്ടി നിന്ന് എല്ലാ ഐ.ഐ.ടികളും ഹിജ്‌ലികള്‍ ആകുന്ന ദിവസം വരും എന്ന് നിങ്ങളെക്കാളുച്ചത്തില്‍ അവര്‍ പ്രസംഗിച്ചു. അതുകേട്ട് പേടിച്ച് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പനിച്ചു. പേരു പറയാനും ഇഷ്ടപ്പെട്ട ഉടുപ്പിടാനും വരെ അവര്‍ക്ക് പേടിയാണ് ജയിലെപ്പഴും ജയിലന്നെ ചാച്ചാജീ. ഒരു ഡക്കറേഷന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിറ്റെന്‍ഷന്‍ ക്യാംപ് എന്നൊക്കെ വിളിക്കാമെന്നേയുള്ളൂ. കുഞ്ഞുങ്ങളുടെ കരച്ചില്‍ പോലും മതില്‍ക്കെട്ടിന് പുറത്ത് കേള്‍ക്കാത്ത ജയിലാണത്.

വേദനിക്കുമ്പോള്‍ അവര്‍ കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കുന്ന ഒരു മതിലു മതിയായിരുന്നു. മരണവെപ്രാളത്തിലുയരുന്ന വലിയ ശബ്ദങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്, മരണമൊഴികള്‍ മാത്രം..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!