ഹിജാബ് ധരിച്ച സ്ത്രീകളും രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗം: അസദുദ്ദീന്‍ ഒവൈസി

ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീകള്‍ പഠനം പൂര്‍ത്തിയാക്കി രാഷ്ട്ര നിര്‍മ്മാണത്തില്‍ ഭാഗമാവുകയാണെന്ന് അസദുദ്ദീന്‍ ഒവൈസി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടിയില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷമാണ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രതികരണമെത്തുന്നത്. ഹൈദരബാദില്‍ വ്യാഴാഴ്ച രാത്രി നടന്ന സമ്മേളനത്തിലാണ് ഒവൈസിയുടെ പ്രതികരണം.

ഹിജാബ് അടിച്ചേല്‍പിക്കുകയാണ് എന്ന വാദം ഒവൈസി തള്ളി. ഖുറാനില്‍ നിര്‍ദേശിക്കുന്നത് മൂലമാണ് മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ളവര്‍ ഡോക്ടറാവുന്നില്ലേ, എംബിഎ, എംസിഎ ചെയ്യുന്നില്ലേ? അവരും രാജ്യ നിര്‍മ്മാണത്തില്‍ ഭാഗമാവുകയല്ലേ ചെയ്യുന്നതെന്നും ഒവൈസി ചോദിക്കുന്നു. ഒരു മുസ്ലിം വനിത ഹിജാബ് ധരിച്ച് പ്രധാനമന്ത്രിയായി എത്തുന്നതാണ് തന്റെ സ്വപ്നമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികളെ ഒറ്റപ്പെടുത്തുന്ന സംഭവത്തില് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഒവൈസി നടത്തിയത്. മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ മതചിഹ്നം ധരിക്കാന്‍ അനുവദിക്കുകയും അതേസമയം മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് നീക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്
അടിച്ചമര്‍ത്തലിന്റെ രൂപമാണ് ഒവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കേസ് സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിര്‍ത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു ഇത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോള്‍, ജസ്റ്റിസ് സുധാന്‍ശു ധൂലിയ ഈ വിധി തള്ളുകയാണ് ചെയ്തത്. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചില്‍ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാല്‍ കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും.

 

Share news
error: Content is protected !!
Scroll to Top