Section

malabari-logo-mobile

ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫാലം പ്രഖ്യാപിച്ചു: പ്ലസ്ടു 83.75% , വിഎച്ച്എസ്‌സി 90.24%

HIGHLIGHTS : തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫാലം പ്രഖ്യാപിച്ചു. പ്ലസ്ടു 83.75ശതമാനവും , വിഎച്ച്എസ്‌സിക്ക് 90.24 ശതമാനവുമാണ് വിജയം. വിദ്യഭ്യാസമന്ത്രി പ്...

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.75 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2042 പരീക്ഷാകേന്ദ്രങ്ങളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്നായി 3,69,021 പേര്‍ പരീക്ഷ എഴുതിയതില്‍ 3,09,065 പേര്‍ ഉന്നതപഠന യോഗ്യത നേടി. കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം 83.37 ആയിരുന്നു. ഒന്നാംവര്‍ഷപരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം.
പരീക്ഷയെഴുതിയ 1,97,633 പെണ്‍കുട്ടികളില്‍ 1,78,492 പേരും (90.31 ശതമാനം) 1,73,106 ആണ്‍കുട്ടികളില്‍ 1,31,897 പേരും (76.19 ശതമാനം) ഉപരിപഠനയോഗ്യത നേടി.
വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്: 86.75. ഏറ്റവും കുറവ് പത്തനംതിട്ടയില്‍: 77.16.
1,81,694 സയന്‍സ് വിദ്യാര്‍ഥികളില്‍ 1,56,087 പേരും (85.91 ശതമാനം) 73,955 ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥികളില്‍ 56,358 പേരും (76.21 ശതമാനം) 1,13,372 കോമേഴ്‌സ് വിദ്യാര്‍ഥികളില്‍ 96,620 പേരും (85.22 ശതമാനം) ഉന്നതപഠനത്തിന് യോഗ്യത നേടി.
എസ്.സി വിഭാഗത്തില്‍ 39,071 ല്‍ 25,109 പേരും (64.27 ശതമാനം) എസ്.ടി വിഭാഗത്തില്‍ 5356 ല്‍ 3402 പേരും (63.52 ശതമാനം) ഉന്നതപഠനത്തിന് അര്‍ഹതനേടി.
സര്‍ക്കാര്‍ മേഖലയിലെ സ്‌കൂളുകളില്‍ നിന്ന് 1,55,396ല്‍ 1,27,704 പേരും (82.18 ശതമാനം), എയ്ഡഡ് മേഖലയിലെ 1,85,770 ല്‍ 1,60,022 പേരും (86.14 ശതമാനം), അണ്‍ എയ്ഡഡ് മേഖലയിലെ 27,628ല്‍ 21,128 പേരും (76.47 ശതമാനം) ഉന്നതപഠനത്തിന് യോഗ്യരായി.
14,735 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി. ഇതില്‍ 10,899 പേര്‍ പെണ്‍കുട്ടികളും 3836 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ നിന്ന് 11,569 പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 670 പേര്‍ക്കും കോമേഴ്‌സ് വിഭാഗത്തില്‍ നിന്ന് 2496 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ (834) പരീക്ഷയ്ക്ക് സജ്ജരാക്കിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 94.60 ശതമാനം പേരെ ഉന്നതപഠനത്തിന് യോഗ്യരാക്കി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡിനര്‍ഹരാക്കിയ ജില്ല (1935) മലപ്പുറമാണ്. നൂറുമേനി വിജയം കരസ്ഥമാക്കിയ 79 സ്‌കൂളുകളാണുള്ളത്. മുപ്പതില്‍ താഴെ വിജയശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 34 ആണ്. 180 വിദ്യാര്‍ഥികള്‍ 1200ല്‍ 1200 സ്‌കോറും കരസ്ഥമാക്കി.
ഹയര്‍ സെക്കന്‍ഡറി സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 1631 പേര്‍ പരീക്ഷയെഴുതിയതില്‍ 1246 പേര്‍ (76.77 ശതമാനം) ഉന്നതപഠനയോഗ്യത നേടി. ഇതില്‍ 33 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്.
കലാമണ്ഡലം ആര്‍ട്‌സ് സ്‌കൂളില്‍ 95 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 78 വിദ്യാര്‍ഥികള്‍ (82.11 ശതമാനം) ഉന്നതപഠന യോഗ്യത നേടി.
സ്‌കോള്‍ കേരള വഴി രജിസ്റ്റര്‍ ചെയ്ത് പരീക്ഷ ഏഴുതിയ 67,991 വിദ്യാര്‍ഥികളില്‍ 25,503 പേര്‍ (37.51 ശതമാനം) ഉപരിപഠന അര്‍ഹത നേടി. ഇതില്‍ 109 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഓപ്പണ്‍ പഠന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്: 21,379 പേര്‍. പഴയ സിലബസില്‍ പരീക്ഷ എഴുതിയ 3290 വിദ്യാര്‍ഥികളില്‍ 1748 പേര്‍ (53.13) ഉപരിപഠന അര്‍ഹതനേടി. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ അഞ്ചുമുതല്‍ 12 വരെ നടക്കും.
മാര്‍ച്ച് 2018ല്‍ നടന്ന തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. കണ്ടിന്വസ് ഇവാല്യുവേഷന്‍ ആന്റ് ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാര്‍) സ്‌കീമില്‍ റഗുലറായി പരീക്ഷ എഴുതിയവരില്‍ 90.24 ശതമാനംപേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 80.32 ശതമാനംപേര്‍ ഉന്നതപഠനത്തിനും അര്‍ഹത നേടി. 29,174 പേരാണ് പരീക്ഷ എഴുതിയത്. പാര്‍ട്ട് ഒന്നിനും രണ്ടിനും യോഗ്യത നേടിയവര്‍ 26327 പേരാണ്. പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും യോഗ്യത നേടിയത് 23434 പേരാണ്.
കണ്ടിന്വസ് ഇവാല്യുവേഷന്‍ ആന്റ് ഗ്രേഡിംഗ് (റിവൈസ്ഡ് കം മോഡുലാര്‍) സ്‌കീമില്‍ പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 56.38 ശതമാനം പേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 34.22 ശതമാനം പേര്‍ പാര്‍ട്ട് മൂന്നിലും യോഗ്യത നേടി.
കണ്ടിന്വസ് ഇവാല്യുവേഷന്‍ ആന്റ് ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീമില്‍ പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 70.27 ശതമാനം പേര്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും 49.18 ശതമാനം പേര്‍ പാര്‍ട്ട് മൂന്നിലും യോഗ്യത നേടി.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!