ഭാര്യക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനത്തിന് മതിയായ കാരണമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യക്ക് പാചകം ചെയ്യാനറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള മതിയായ കാരണമല്ലന്ന് ഹൈക്കോടതി. തൃശൂര്‍ സ്വദേശിയായ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. ഭാര്യ തന്നെ ബഹുമാനിക്കുന്നില്ലന്നും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 2012 മെയ് ഏഴിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് ശേഷം ആദ്യ യുവാവിന്റെ വീട്ടിലും പിന്നീട് അബുദാബിയിലുമാണ് ഇരുവരും താമസിച്ചിരുന്നത്.

2013 ല്‍ വീടുവിട്ടിറങ്ങിയ യുവതി പോലീസിനും മജിസ്‌ട്രേറ്റിനും പരാതി നല്‍കിയതായും യുവാവ് കോടതിയെ അറിയിച്ചു. ഇക്കാരണങ്ങളാല്‍ വൈവാഹിക ബന്ധം തുടരാനാവില്ലെന്നായിരുന്നു യുവാവിന്റെ വാദം. എന്നാല്‍ വിവാഹമോചന ആവശ്യം കോടതി തള്ളി.

ഭാര്യക്ക് പാചകം ചെയ്യാനറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും, സോഫി തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top