
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എന്‍ സ്വാമിയെയും ഹൈക്കോടതി നീക്കി.
എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ടി ആര്‍ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ ഉത്തരവിട്ടത്.
കൂടാതെ പുതിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമാനുസൃതമുള്ള തെരഞ്ഞെടുപ്പ് നടത്തി പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വരുന്നത് വരെ സംഘടനയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.




