210 സിസി എഞ്ചിനുമായി ഹീറോയുടെ അഡ്വഞ്ചര്‍ ബൈക്ക് എക്സ്പള്‍സ് വരുന്നു

ഇറ്റലിയിലെ മിലാനില്‍ നടക്കാനിരിക്കുന്ന 2024 EICMA മോട്ടോഷോയില്‍ അവതരിപ്പിക്കുന്ന പുതിയ ബൈക്കിന്റെ ടീസര്‍ പുറത്തുവിട്ട് ഹീറോ മോട്ടോകോര്‍പ് .എക്സ്പള്‍സിന്റെ 210 സിസി പതിപ്പ് ആയിരിക്കും ഇത്.എന്തായാലും സംഭവം അഡ്വഞ്ചര്‍ ടൂറര്‍ ആയിരിക്കുമെന്ന് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. അതിനുശേഷമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ബൈക്കിന്റെ ലോഞ്ച് നടക്കുകയെന്നാണ് വിവരം. പുതിയ മോട്ടോര്‍സൈക്കിള്‍ ഏതാവുമെന്ന് ഹീറോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കൂടുതല്‍ കരുത്തുറ്റ പുതിയ എക്സ്പള്‍സ് ആയിരിക്കാം ഇതെന്നാണ് ഫാന്‍സ് തറപ്പിച്ചുപറയുന്നത്.

ടീസറില്‍ വരാനിരിക്കുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ടും വ്യക്തമായി കേള്‍ക്കാം. മോഡലിന്റെ ഹെഡ്ലൈറ്റാണ് ടീസറിലെ പ്രധാന ഹൈലൈറ്റ്. ഓഫ്റോഡിംഗ് സമയത്ത് ഉപയോഗപ്രദമാകുന്ന ഒരു ഗ്രില്‍ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പിനൊപ്പം മുന്‍വശത്തെ ഉയര്‍ന്ന സ്‌റ്റൈലിലുള്ള മഡ്ഗാര്‍ഡും കാണാന്‍ കഴിയും. ഹെഡ്ലാമ്പിന് മുകളിലാണ് നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഹാലൊജന്‍ യൂണിറ്റുകളാണെന്നും ഉറപ്പിക്കാം.

ഹീറോ എക്‌സ്പള്‍സ് 210 അടുത്തിടെ ലഡാക്കിലെ ഖര്‍ദുങ് ലായ്ക്ക് സമീപം കണ്ടവരുണ്ട്. കരിസ്മ XMR 210 സ്‌പോര്‍ട്സ് ബൈക്കിലെ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ കടമെടുത്താണ് വരവെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഡ്യുവല്‍ പര്‍പ്പസ് അഡ്വഞ്ചര്‍ ടൂററിന് നിലവിലെ പരിമിതകളെ മറികടക്കാനുമാവും. കരിസ്മയിലെ 210 സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന് 25 bhp കരുത്തില്‍ പരമാവധി 20.4 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന് മികച്ച ലോ, മിഡ് റേഞ്ചിനായി ചെറിയ റീട്യൂണിംഗും ചെയ്യാനാവും. രണ്ടാം തലമുറ എക്സ്പള്‍സില്‍ കരിസ്മയിലെ എഞ്ചിന്‍ ഉപയോഗിക്കാന്‍ ഹീറോ തീരുമാനിക്കുകയാണെങ്കില്‍ അത് നിലവിലെ 199.6 സിസി 4V എയര്‍-കൂള്‍ഡ് എഞ്ചിനേക്കാള്‍ ഏകദേശം 6.1 bhp പവറും 3.1 Nm ടോര്‍ക്കും അധികമായി നല്‍കാന്‍ ബൈക്കിനാവും.

മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായാവും ഹീറോ എക്സ്പള്‍സ് 210 മോഡലിനെ ഹീറോ മോട്ടോകോര്‍പ് ഒരുക്കുക. സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഓഫറിലുണ്ടാകും. മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ പുതിയ ഹീറോ എക്സ്പള്‍സിന്റെ സസ്‌പെന്‍ഷനായി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ഉണ്ടാകും. അഡ്വഞ്ചര്‍ ബൈക്കില്‍ നിന്നും അഡ്വഞ്ചര്‍ ടൂററായി മാറുമ്പോള്‍ ഫ്യുവല്‍ ടാങ്കിന് മുന്‍ മോഡലിനേക്കാള്‍ വലിയ ശേഷി ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. നിലവില്‍ എക്സ്പള്‍സിന്റെ ഭാരം വെറും 158 കിലോഗ്രാം മാത്രമാണെങ്കിലും ശേഷി കൂടിയ എഞ്ചിന്‍ വരുന്നതോടെ ഭാരം അല്‍പം ഉയരാനും സാധ്യതയുണ്ട്. എങ്കിലും ഓഫ്-റോഡിംഗില്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധമാവും ഹീറോ ഒരുക്കുക.

Share news
error: Content is protected !!
Scroll to Top