സൃഷ്ടിപരമായ മേഖലകളിലെ പൈതൃക അറിവുകള്‍ പ്രചരിപ്പിക്കണം: മുഖ്യമന്ത്രി, പൈതൃകോല്‍സവം സമാപിച്ചു

കലാസാംസ്‌കാരിക മേഖലകളിലെ പോലെ സൃഷ്ടിപരമായ മേഖലകളിലെ പൈതൃക അറിവുകളും സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൈതൃകോല്‍സവം 2023 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ നാടിന്റെ പൈതൃക അറിവുകളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമാണ് വാസ്തു വിദ്യാ ഗുരുകുലം ചെയ്യുന്നത്. കേരളത്തിന്റെ സവിശേഷമായ ചുമര്‍ചിത്ര, ദാരു ശിലാ ശില്‍പ പാരമ്പര്യം, വാസ്തുവിദ്യാ പൈതൃകം, കലാ കരകൗശല സമ്പന്നത തുടങ്ങിയ സാംസ്‌കാരിക പെരുമകളെ സംരക്ഷിച്ച് പരിപോഷിപ്പിക്കുക, കാലാവസ്ഥാനുസൃതവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ നിര്‍മാണ വിദ്യകളെ പ്രചരിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പത് വര്‍ഷമായി ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം.

വാസ്തുവിദ്യ, സുസ്ഥിര നിര്‍മ്മാണ സാങ്കേതികവിദ്യാ കണ്‍സള്‍ട്ടന്‍സി, ചുമര്‍ചിത്രരചനാ പദ്ധതികള്‍, അക്കാദമിക് കോഴ്സുകളുടെ നടത്തിപ്പ്, പൈതൃക മന്ദിരങ്ങളുടെ ഡോക്യുമെന്റേഷന്‍ എന്നിങ്ങനെ നിരവധി സേവനങ്ങളാണ് വാസ്തുവിദ്യാ ഗുരുകുലം നല്‍കിവരുന്നത്. കേരളത്തിന്റെ തനതു ചുമര്‍ചിത്രരചനാ സമ്പ്രദായത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികള്‍ ഈ സ്ഥാപനത്തില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നു.

പൈതൃക അറിവുകള്‍ സംരക്ഷിക്കുന്നതിന് ഡോക്യുമെന്റേഷന്‍ വളരെ സുപ്രധാന ചുമതലയാണ്. ഇത്തരത്തില്‍ മൂന്ന് പൈതൃക പദ്ധതികളുടെ ഡോക്യുമെന്റേഷന്‍ നിര്‍വഹിക്കാന്‍ വാസ്തുവിദ്യാ ഗുരുകുലത്തിനായി. ചുമര്‍ചിത്ര കലാരംഗത്തടക്കം നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന നിരവധി കലാകാരന്മാര്‍ കേരളത്തിന്റെ യശസുയര്‍ത്തുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലും വൈറ്റ് ഹൗസിലും വത്തിക്കാന്‍ കൊട്ടാരത്തിലുമടക്കം നമ്മുടെ ചുമര്‍ ചിത്ര കലാകാരന്മാരുടെ സൃഷ്ടികളുണ്ട്. കോവിഡ് കാലത്തടക്കം ഇത്തരം കലാകാരന്‍മാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വാസ്തു വിദ്യാ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദമായ നിര്‍മാണ രീതികളുടെ വ്യാപനം കലാസാംസ്‌കാരിക മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും മികച്ച സംഭാവനയാണ് നല്‍കുന്നത്.

സമഗ്രമായ ഡിസൈന്‍ നയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. ഗുണഭോക്താവിന്റെ അല്ലെങ്കില്‍ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനാണിത്. കല, സംസ്‌കാരം, ശാസ്ത്ര മേഖലകളുടെ സംരക്ഷണത്തിനും പ്രോല്‍സാഹനത്തിനുമായി പൊതു സമൂഹം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സെമിനാര്‍ സുവനീര്‍ പ്രകാശനം മുഖ്യമന്ത്രി മന്ത്രി സജി ചെറിയാന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാസ്തുവിദ്യാ ഗുരുകുലംചെയര്‍മാന്‍ ഡോ. ജി ശങ്കര്‍ സ്വാഗതം ആശംസിച്ചു. വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രിയദര്‍ശനന്‍ പിഎസ് റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ, വാസ്തുവിദ്യാ ഗുരുകുലം മുന്‍ ചെയര്‍മാന്‍ ടി. കെ. എ. നായര്‍, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രസിഡന്റ് അഭയ് പുരോഹിത്, ആര്‍ക്കിടെക്ട് ഡോ. ബെന്നി കുര്യാക്കോസ്, പ്രൊഫ, സുജാ കര്‍ത്ത, മരിയന്‍ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ പ്രിന്‍സിപ്പല്‍ ഡോ. സുരേഷ് കെ. നായര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി എസ് പ്രദീപ്, പ്രഫ. ആര്‍ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top