HIGHLIGHTS : Hema Committee Report; High Court rejected actress Ranjini's petition
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തടയണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
രഞ്ജിനിയുടെ തടസ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ സര്‍ക്കാര്‍ പരസ്യപ്പെടുത്തുമെന്നാണ് വിവരം.
സജിമോന്‍ പാറയിലും രഞ്ജിനിയും നല്‍കിയ ഹര്‍ജികള്‍ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിര്‍മാതാവുമായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്.