ഫാന്റസി, കോമഡി, ഹൊറര്‍ കമ്പ്‌ലീറ്റ് എന്റര്‍ടൈന്‍മെന്റുമായി ‘ഹലോ മമ്മി’ എത്തി

HIGHLIGHTS : 'Hello Mommy' arrives with complete entertainment of fantasy, comedy, and horror

ഫാന്റസി, കോമഡി, ഹൊറര്‍, റൊമാന്‍സ് എന്നീ ഫോര്‍മുലകള്‍ രസകരമായി ചേര്‍ത്ത് പ്രേക്ഷകന്റെ ഉള്ളം നിറയ്ക്കുന്ന തീയറ്റര്‍ കാഴ്ച്ചയാണ് ‘ഹലോ മമ്മി’. നവാഗതനായ സംവിധായകനും പുതിയ നിര്‍മ്മാണ കമ്പനിയും പ്രേക്ഷകരുടെ മനസ്സറിയാന്‍ കഴിയുന്ന എഴുത്തുകാരനും ചേര്‍ന്നാല്‍ വിജയമുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ ചിത്രം. ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങള്‍ എത്തുന്ന ഹലോ മമ്മിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ വൈശാഖ് എലന്‍സാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാന്‍ജോ ജോസഫാണ്. ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്റസി കോമഡി ചിത്രമായി ഒരുക്കിയ ഹലോ മമ്മിയുടെ ട്രൈലെര്‍ സോഷ്യല്‍ മാധ്യമങ്ങള്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. അത്‌കൊണ്ട് തന്നെ വലിയ പ്രേക്ഷക പ്രതീക്ഷയും ചിത്രത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ തെറ്റിയിട്ടില്ല എന്ന് തന്നെയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണവും സൂചിപ്പിക്കുന്നത്.

ഷറഫുദീന്‍ അവതരിപ്പിക്കുന്ന ബോണി, ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സ്റ്റെഫി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി, സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. സ്റ്റെഫിയുടെ എല്ലാ കണ്ടീഷനും അംഗീകരിച്ച് കൊണ്ട് തന്നെ ബോണി വിവാഹത്തിന് സമ്മതിക്കുന്നു. എന്നാല്‍ വിവാഹം കഴിച്ച് സ്റ്റെഫിക്കൊപ്പം ജീവിതം തുടങ്ങുന്ന ബോണിയെ കാത്തിരിക്കുന്നത് ഒരു ആത്മാവ് ആണ്. പിന്നീട് ആ ആത്മാവും ബോണിയും തമ്മിലുള്ള രസകരമായ പോരാട്ടവും തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘ഹലോ മമ്മി’ അവതരിപ്പിക്കുന്നത്. ജീവിതം എങ്ങോട്ട് ഒഴുകുന്നോ അങ്ങോട്ട് ഓടുന്ന ബോണിയും അവനെ പറ്റാവുന്ന കുഴിയിലെല്ലാം കൊണ്ടിറക്കുന്ന സുഹൃത്ത് ബിച്ചുവും. ബോണിയെക്കാള്‍ തല്ലിപ്പൊളിയായ കാശുകാരന്‍ അപ്പനും ബോണിയെ രക്ഷപ്പെടുത്താന്‍ കൊണ്ടു പോയി കുരിക്കിലാക്കുന്ന അളിയനും എല്ലാവരും ചേര്‍ന്ന് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

sameeksha-malabarinews

ചിത്രത്തിന്റെ എഡിറ്ററും ഛായാഗ്രഹകനും വി എഫ് എക്‌സ് ടീമും ആര്‍ട്ട് ഡയറക്ടറും ചേര്‍ന്ന് സിനിമയെ അതിന്റെ എല്ലത്തരത്തിലുള്ള രസചരടും പെട്ടിപ്പോകാതെ നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. കഥയിലെ ഫാന്റസി എലമെന്റ് ചിത്രത്തെ പുതുമയേറിയ ഒരു അനുഭവമാക്കി മാറ്റുന്നതില്‍ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്. ആ ഫാന്റസി എലമെന്റ് ഏറെ വിശ്വസനീയമായ രീതിയില്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നതിലും സംവിധായകനും എഴുതക്കാരനും വിജയം നേടിയിട്ടുണ്ട്. കോമഡി, റൊമാന്‍സ്, ഹൊറര്‍ എന്നിവയൊക്കെ കൃത്യമായ ഫോര്‍മുലയാണ് ഹലോ മമ്മിയെ തീര്‍ത്തും രസകരമാകുന്നത്.

ബോണി ആയി ഷറഫുദീന്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോള്‍ ഐശ്വര്യ ലക്ഷ്മിയും തന്റെ വേഷം മനോഹരമായി തന്നെ ചെയ്തു ഫലിപ്പിച്ചു. ഷറഫുദീന്‍ എന്ന നടന്‍ വീണ്ടും അനായാസമായി കഥാപാത്രമായി മാറിയപ്പോള്‍ ഐശ്വര്യ ലക്ഷ്മിയുടെ ഊര്‍ജ്ജസ്വലമായ കഥാപാത്രം നടിയുടെ വ്യത്യസ്തമായ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. കൂടാതെ സണ്ണി ഹിന്ദുജ , അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി തന്നെ ചെയ്തു.

പ്രവീണ്‍ കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ കഥാ പശ്ചാത്തലം പ്രേക്ഷകരുടെ മനസ്സില്‍ പതിപ്പിച്ചപ്പോള്‍ ചാമന്‍ ചാക്കോ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങള്‍ക്ക് പാകതയും കരുത്തും നല്‍കുന്നതില്‍ വിജയിച്ചു. ജേക്‌സ് ബിജോയുടെ സംഗീതം ചിത്രത്തിന്റെ വേഗതയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. ചിത്രത്തിലെ വി എഫ് എക്‌സ് നിലവാരവും എടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്‌ലീറ്റ് എന്റെര്‍റ്റൈനെര്‍ തന്നെയാണ് ‘ഹലോ മമ്മി’. ഏറെ നാളുകള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് കുടുംബ സമേതം ആസ്വദിക്കാനുളള ചിത്രം എന്ന നിലയില്‍ കാഴ്ച്ചയ്ക്കായി ‘ഹലോ മമ്മി’യ്ക്ക് ടിക്കറ്റെടുക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!