സംസ്ഥാനത്ത് കനത്ത മഴ. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരും. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയും ഒഡിഷ-ആന്ധ്ര പ്രദേശ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയും അനുബന്ധ കാലവര്‍ഷക്കാറ്റുകളുമാണ് മഴ ശക്തമാകാന്‍ കാരണം.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് യല്ലോ അലേര്‍ട്ട്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലും ഇടുക്കി ദേവികുളം താലൂക്കിലും പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല.
ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരമേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തിങ്കളാഴ്ച വരെ തുടരും.




