കനത്ത മഴയെത്തുടര്‍ന്നു സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 14 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 398 വീടുകള്‍ക്കു കേടുപാടുകള്‍ പറ്റി. അതിശക്തമായ മഴ തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണു മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയില്‍ 27 ക്യാംപുകള്‍ തുറന്നു. 171 കുടുംബങ്ങളിലെ 581 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആലപ്പുഴയില്‍ ഏഴു ക്യാംപുകളിലായി 43 കുടുംബങ്ങളിലെ 150 പേരെയും കോട്ടയത്ത് 22 ക്യാംപുകളിലായി 83 കുടുംബങ്ങളിലെ 284 പേരെയും മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയം ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആലപ്പുഴയില്‍ 112 വീടുകള്‍ക്കും പത്തനംതിട്ടയില്‍ 19 വീടുകള്‍ക്കും ഭാഗിക നാശനഷ്ടമുണ്ടായി. ഇടുക്കിയില്‍ ആരംഭിച്ച ഒരു ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ ഏഴുപേരെ മാറ്റിപ്പാര്‍പ്പിച്ചു. 19 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു.
തൃശൂരില്‍ മൂന്നും എറണാകുളത്ത് രണ്ടും മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ ഒന്നു വീതവും ക്യാംപുകള്‍ തുറന്നു. എറണാകുളത്ത് 11 കുടുംബങ്ങളിലെ 31 പേരും തൃശൂരില്‍ 15 കുടുംബങ്ങളിലെ 33 പേരും മലപ്പുറത്ത് 13 കുടുംബങ്ങളിലെ 66 പേരും കാസര്‍കോഡ് ഒരു കുടുംബത്തിലെ രണ്ടു പേരും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നുണ്ട്. തൃശൂരില്‍ മൂന്നു വീടുകള്‍ പൂര്‍ണമായും 51 വീടുകള്‍ ഭാഗികമായും തകര്‍ന്നു. എറണാകുളത്ത് അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മലപ്പുറത്ത് 41 വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാസര്‍കോഡ് 30 വീടുകള്‍ ഭാഗികമായും ഒരു വീടു പൂര്‍ണമായും തകര്‍ന്നു.
മഴക്കെടുതിയെത്തുടര്‍ന്നു തിരുവനന്തപുരത്ത് 10 വീടുകള്‍ക്കു ഭാഗിക നാശനഷ്ടമുണ്ടായി. കൊല്ലത്ത് രണ്ടു വീടുകള്‍ പൂര്‍ണമായും 24 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇടുക്കിയില്‍ 43 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് 31 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കണ്ണൂരില്‍ 12 വീടുകള്‍ക്കു ഭാഗിക നാശനഷ്ടമുണ്ടായി.
ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി നാളെ (06 ജൂലൈ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ജൂലൈ ഏഴിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും എട്ടിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ മോശമായതിനാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിംഗ് ബോട്ടുകള്‍ എന്നിവയുടെ സര്‍വ്വീസ് നിര്‍ത്തി വെക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
ശക്തമായ മഴ പെയ്യുന്നതിനാല്‍ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം. മരച്ചില്ലകള്‍ വെട്ടി ഒതുക്കണം. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്ക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ 1056 എന്ന നമ്പറില്‍ കെ.എസ്.ഇ.ബിയെ അറിയിക്കണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




