തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 24 മണിക്കൂറിനുളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യത. ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.
സെപ്റ്റംബര്‍ 8 തിരുവോണ ദിനത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും ഉത്രാടദിനമായ 7നു ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഉത്രാട ദിനത്തില്‍ കേരളത്തില്‍ 12 ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഉത്രാട ദിനത്തില്‍ ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഉത്രാടപാച്ചിലിന് മഴ ഭീഷണിയില്ലാത്തത്.




