ഹരീഷ് പേരടിക്ക് പു.ക.സ പരിപാടിയിൽ വിലക്കെന്ന് ആക്ഷേപം

കോഴിക്കോട്: പുരോഗമനകലാസാഹിത്യസംഘം സംഘടിപ്പിച്ച അന്തരിച്ച നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണച്ചടങ്ങില്‍ നടന്‍  ഹരീഷ് പേരടിക്ക് വിലക്കെന്ന് ആക്ഷേപം. പു.ക.സ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷാണ്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉദ്ഘാടനത്തിനായി പുറപ്പെട്ട ശേഷമാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചതെന്ന് നടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. സമീപകാല വിഷയങ്ങളില്‍ സര്‍ക്കാരിനെയും സി പി എമ്മിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി വിമര്‍ശിച്ചിരുന്നു. ഹരീഷിന് പകരം നടന്‍ സുധീഷാണ് കോഴിക്കോട് ടൗണ്‍ഹാളില്‍ പരിപാടി ഉദ്ഘാടനംചെയ്തത്.

വിലക്കിനെക്കുറിച്ച് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ശാന്താ, ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു. ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ …നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും.

അതുകൊണ്ട് ഞാന്‍ മാറി നിന്നു, ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം…പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ…’ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം’- നാടകം-പെരുംകൊല്ലന്‍..

 

Share news
error: Content is protected !!
Scroll to Top