ഗൂഗിള്‍ പേ ചെയ്ത പൊതുപ്രവര്‍ത്തകയുടെ പണം ഹാക്കര്‍മാര്‍ തട്ടിയെടുത്തു

തിരൂരങ്ങാടി:ഹോട്ടലിന്റെ സൈറ്റ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തുനല്‍കിയ ഗൂഗിള്‍പേ നമ്പറിലേക്ക് പണം അയച്ച പൊതുപ്രവര്‍ത്തകയ്ക്ക് പണം നഷ്ടപ്പെട്ടു.
പതിനാറുങ്ങല്‍ സ്വദേശിനിക്കാണ് മുപ്പത്തയ്യായിരത്തി രണ്ടുരൂപ നഷ്ടപ്പെട്ടത്.
കൊച്ചിയില്‍ നടക്കുന്ന വനിതാ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി പതിനാലുപേര്‍ക്ക് താമസിക്കാനുള്ള ഹോട്ടലിനായാണ് കൊച്ചിയിലുള്ള കെന്റ് വേ വാച്ച് എന്ന ഹോട്ടലിന്റെ വെബ് സൈറ്റില്‍ കയറിയത്.

സൈറ്റില്‍ ആദ്യം കാണുന്നത് 7001233398 ഫോണ്‍ നമ്പറാണ്. ഇതിലേക്ക് വിളിച്ചപ്പോള്‍ ഇംഗ്‌ളീഷിലും ഹിന്ദിയിലുമാണ് ഒരു പുരുഷന്‍ സംസാരിച്ചത്. മുറി ബുക്ക് ചെയ്യാന്‍ പണം നേരത്തെ അടക്കണമെന്നും പ്രസ്തുതത നമ്പറില്‍ ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ആദ്യം പതിനൊന്നു പേര്‍ക്കുള്ള മുറികളാണ് ബുക്ക് ചെയ്തത്. ഇതിനുള്ള 12500 രൂപ സൈറ്റില്‍കൊടുത്ത നമ്പറില്‍ ഗൂഗിള്‍പേ ചെയ്യാനും പറഞ്ഞു. വീണ്ടും മൂന്നുപേര്‍ക്ക് കൂടി റൂം ബുക്കുചെയ്തതടക്കം പതിനാറായിരം രൂപ ഗൂഗിള്‍പേ ചെയ്തുകൊടുത്തു. റൂമിനായി അപേക്ഷിക്കുന്നതിനായി വീണ്ടും പത്തൊന്‍പതിനായിരം ആവശ്യപ്പെടുകയായിരുന്നു.പണം കൊടുത്തതോടെ മറുതലയ്ക്കല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. വീട്ടമ്മ പിന്നീട് പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല.

വീണ്ടും വെബ്സൈറ്റില്‍ കയറി സൈറ്റില്‍ കണ്ട മറ്റൊരു നമ്പറില്‍ വിളിച്ചു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. ഹോട്ടലിന്റെ സൈറ്റ് സെപ്തംബര്‍ 24മുതല്‍ ഹാക്ക് ചെയ്തതായും സംഭവത്തില്‍ പൊലിസില്‍ പരാതിനല്‍കിയതായും കെന്റ് ബേ അധികൃതര്‍ പറഞ്ഞു. ഹാക്ക് ചെയ്ത സൈറ്റില്‍ തട്ടിപ്പ് നടത്തുന്നവരുടെ ഗൂഗിള്‍ പേ നമ്പരാണ് കൊടുത്തിട്ടുള്ളത്. ഹോട്ടലിന്റെ നമ്പരെന്നു കരുതി ഇതില്‍ വിളിക്കുന്നവരാണ് തട്ടിപ്പിന്നിരയാവുന്നത്. ഇതിനകം നിരവധി പേര്‍ക്ക് ഇതുപോലെ പണം നഷ്ടപ്പെട്ടതായി ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. പൊതു പ്രവര്‍ത്തക തിരൂരങ്ങാടി പൊലിസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top