ജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കാത്ത ജീവനക്കാരോട് സര്‍ക്കാര്‍ ദാക്ഷിണ്യം കാണിക്കില്ല: മുഖ്യമന്ത്രി

പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നും ജനങ്ങള്‍ക്കു നല്‍കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാതെ അവരെ ബുദ്ധിമുട്ടിക്കാമെന്നും കരുതുന്ന ആരോടും ഒരു ദാക്ഷിണ്യവും സര്‍ക്കാരിനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനും അതുവഴി സര്‍ക്കാരിന്റെയും ജീവനക്കാരുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവ്തകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും മാതൃകാപരമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുമ്പോള്‍ത്തന്നെ അതില്‍ നിന്ന് എന്തെങ്കിലും ലാഭമുണ്ടാക്കാമെന്ന് ചിന്തിക്കുന്ന ചെറിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങള്‍ നടത്തുന്ന കളവ് ആരും അറിയില്ല എന്നാണ് അവര്‍ കരുതുന്നത്. പുതിയ കാലത്ത്, ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുകളുണ്ടായാല്‍ വേണ്ട നടപടി എടുക്കാനും ബുദ്ധിമുട്ടോ തടസമോ ഇല്ലെന്നത് അത്തരക്കാര്‍ ഓര്‍ക്കണം. അവരെക്കുറിച്ചുള്ള വിശദമായ വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ‘ലീവ് നോ വണ്‍ ബിഹൈന്‍ഡ്’ (ആരെയും വിട്ടുകളയരുത്) എന്ന ആപ്തവാക്യം ഒന്നര നൂറ്റാണ്ടുമുമ്പേ മുഴങ്ങിക്കേട്ട നാടാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നവോത്ഥാനത്തിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക പുരോഗതിയുണ്ടാകണമെന്ന ആശയം കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. സാമൂഹികമായ മുന്നേറ്റമാണ് നവോത്ഥാനം ലക്ഷ്യംവച്ചതെങ്കില്‍ അതിന് സാമ്പത്തികമായ രൂപഘടന കൂടി നല്‍കി മുന്നോട്ടു കൊണ്ടുപോവുകയാണ് പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്തത്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതായി നില്‍ക്കുന്നതിന്റെ അടിസ്ഥാനം നാടിന്റെ ഈ പുരോഗമനപരമായ ചരിത്രമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പ്രതിപാദിക്കുന്നതുപോലെ കുറഞ്ഞ ശിശുമരണ നിരക്കും, കുറഞ്ഞ മാതൃമരണ നിരക്കും, മികച്ച സ്ത്രീ-പുരുഷ അനുപാതവും ഉയര്‍ന്ന സാക്ഷരതാ നിരക്കും, സാര്‍വ്വത്രിക വിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനങ്ങളുമെല്ലാമുള്ള നാടാണ് കേരളം. എന്നാല്‍ ഇത്തരം നേട്ടങ്ങളില്‍ തൃപ്തിയടഞ്ഞ് ഇനിയൊന്നും ആവശ്യമില്ല എന്ന നിലപാട് കൈക്കൊള്ളുകയല്ല വേണ്ടത്.

വ്യവസായവത്ക്കരണത്തിന്റെയും നൂതന ആശയങ്ങളുടെ പ്രോത്സാഹനത്തിന്റെയും മേഖലയില്‍ മികച്ച ഇടപെടല്‍ ഇപ്പോള്‍ കേരളം നടത്തുകയാണ്. വ്യവസായവത്ക്കരണം എന്നാല്‍ വമ്പന്‍ വ്യവസായങ്ങള്‍ തുടങ്ങുകയും അവയില്‍ കുറച്ചു പേര്‍ക്ക് ജോലി നല്‍കുകയും ചെയ്യുക മാത്രമല്ല, വന്‍കിട വ്യവസായങ്ങളോടൊപ്പം തന്നെ ചെറുകിട – ഇടത്തരം വ്യവസായങ്ങളും പ്രാദേശിക സംരംഭങ്ങളും ആരംഭിച്ചുകൊണ്ട് സമഗ്രമായ വ്യാവസായിക മുന്നേറ്റം ഉറപ്പാക്കല്‍ കൂടിയാണ്. ഈ സാമ്പത്തിക വര്‍ഷം ഒരു വര്‍ഷംകൊണ്ട് ഒരുലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് നമ്മള്‍ ലക്ഷ്യംവച്ചിരുന്നതെങ്കില്‍ അത് 1,33,000ല്‍ എത്തിക്കാന്‍ നമുക്കായി. 11 മാസംകൊണ്ടു കൈവരിച്ച നേട്ടമാണ്. ഇനിയുള്ള ഒരു മാസംകൂടി ഇതേ വേഗതയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ലക്ഷ്യംവച്ചതിനേക്കാള്‍ മുന്നിലെത്താന്‍ കഴിയും. അതിനുതകുന്ന ഇടപെടലുകള്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവണം.

സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് ബോധവത്ക്കരണം നല്‍കുന്നതോടൊപ്പം സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട അനുമതി താമസംകൂടാതെ തന്നെ ലഭ്യമാക്കുകയും വേണം. നൂതനാശയങ്ങള്‍ ഉത്പന്നങ്ങളാക്കി മാറ്റാന്‍ കഴിയണം. അത് ലക്ഷ്യംവച്ചാണ് സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന നയം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് അഫോര്‍ഡബിള്‍ ടാലന്റില്‍ ഏഷ്യയില്‍ ഒന്നാമത്തെയും ലോകത്ത് നാലാമത്തെയും സ്ഥലമാണ് കേരളം. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ ഹബ്ബ് കേരളത്തിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിനെയെല്ലാം ഉപയോഗപ്പെടുത്തി കൂടുതല്‍ മുന്നേറാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പംതന്നെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടണം. 2026 ഓടെ 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതില്‍ത്തന്നെ 20 ലക്ഷം തൊഴിലവസരങ്ങള്‍ നൂതന വ്യവസായങ്ങളുടെ രംഗത്താണ് സൃഷ്ടിക്കപ്പെടുക. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ കെ-ഡിസ്‌കിന്റെ നേതൃത്വത്തിലുള്ള നോളജ് ഇക്കോണമി മിഷനിലൂടെ ആവിഷ്‌ക്കരിച്ചു വരികയാണ്. ബാക്കിയുള്ളവ പ്രാദേശിക സര്‍ക്കാരുകളിലൂടെയും കാര്‍ഷിക – സഹകരണ മേഖലകളിലൂടെയുമാണ് ഒരുക്കേണ്ടത്.

അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനവും നഗരങ്ങളില്‍ പാര്‍ക്കുന്നവരായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യക്തമായ നഗരാസൂത്രണ നയങ്ങള്‍ കൈക്കൊണ്ടുതന്നെ മുന്നോട്ടുപോകണം. നമ്മുടെ നഗരങ്ങള്‍ സുസ്ഥിര നഗരങ്ങള്‍ ആയിരിക്കണം. ഇതിന്റെ ഭാഗമായാണ് ഒരു നവകേരള നഗരനയം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിനുവേണ്ടി അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി കമ്മീഷന്‍ രൂപീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്കായുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതില്‍ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്റിന്റെ സഹായം തേടും. നഗരവികസവുമായി ബന്ധപ്പെട്ട നഗര പുനരുജ്ജീവനവും സൗന്ദര്യവത്ക്കരണവും നടത്തുന്നതിനുള്ള പ്രാഥമിക ചിലവായി 300 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന അനുവദിക്കും.

വലിയതോതിലുള്ള നഗരവത്ക്കരണം ഉണ്ടാകുമ്പോള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് മാലിന്യനിര്‍മ്മാര്‍ജ്ജനം. അതിനായി സര്‍ക്കാര്‍ തലത്തിലെ ഇടപെടലുകള്‍ക്കൊപ്പം ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണവുമുണ്ടാകണം. സ്ത്രീ മുന്നേറ്റങ്ങള്‍ക്കും സ്ത്രീകളുടെ അവകാശസമര പോരാട്ടങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പേ വേദിയായ നാടാണ് കേരളം. എങ്കിലും അന്ന് കൈവരിച്ച നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പുതിയ കാലഘട്ടത്തിനനുയോജ്യമായ വിധം സ്ത്രീസമത്വം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞോ എന്നത് നമ്മള്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കേണ്ട വിഷയമാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ കൂടുതല്‍. എന്നാല്‍ തൊഴില്‍മേഖലയിലേക്ക് എത്തുമ്പോള്‍ സ്ത്രീകള്‍ പിന്നാക്കം പോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് അഭികാമ്യമല്ല. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടവരാണെന്നും സമൂഹ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാന്‍ കെല്‍പ്പില്ലാത്തവരാണെന്നുമുള്ള കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണം. അതിനായാണ് പാഠപുസ്തകങ്ങളെയടക്കം ജന്‍ഡര്‍ ഓഡിറ്റിംഗിന് വിധേയമാക്കാനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുമെല്ലാം ഉതകുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. അതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നമ്മുടെ സമാധാനപൂര്‍ണമായ അന്തരീക്ഷം സംരക്ഷിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമാണ്. സാമ്പത്തികമായും സാമൂഹികമായും എത്രയൊക്കെ ഉന്നതിയിലെത്തിയാലും സമൂഹത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍, കലാപങ്ങള്‍ എന്നിവ പുരോഗതിയെ പിന്നോട്ടടിക്കുക തന്നെ ചെയ്യും. അത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കാന്‍ ഭേദചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന ഒരു സമൂഹം ഇവിടെ നിലനില്‍ക്കേണ്ടതുണ്ട്. ഔദ്യോഗിക തലത്തിലെ കൃത്യനിര്‍വ്വഹണത്തിനൊപ്പം അത്തരമൊരു സമൂഹം ഇവിടെ തുടരുന്നു എന്ന് ഉറപ്പുവരുത്താനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ ഏറ്റെടുക്കണം.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉതകുന്ന വിവിധ ക്ഷേമപദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. 63 ലക്ഷം ആളുകള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കുന്നു, 43 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നു. മൂന്നേകാല്‍ ലക്ഷത്തോളം വീടുകളാണ് ലൈഫ് മിഷനിലൂടെ പണികഴിപ്പിച്ചു നല്‍കിയത്. 2,31,000ല്‍ അധികം പട്ടയങ്ങള്‍ ഇതിനോടകം ലഭ്യമാക്കി കഴിഞ്ഞു. ഇതിനെല്ലാം പുറമെയാണ് വികസന – ക്ഷേമ പദ്ധതികള്‍ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെ പല ഘട്ടങ്ങളിലായി നൂറുദിന കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍, ഡയറക്ടര്‍ ജി. പ്രിയങ്ക എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top