Section

malabari-logo-mobile

നെടുവ ഗവ. ഹൈസ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : Govt. CM handed over the high school building to Nadu

മലപ്പുറം : പരപ്പനങ്ങാടിയിലെ നെടുവ ഗവ. ഹൈസ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മൂന്ന് നില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി മുഖേന അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച ബഹുനില കെട്ടിടമാണ് സംസ്ഥാനത്തെ 33 സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തിനൊപ്പം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്. നാടിന്റെ എല്ലാ മേഖലയും മെച്ചപ്പെടണമെന്നും അതാണ് നവകേരള ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാലയങ്ങളിലെ അക്കാദമിക-ഭൗതിക നിലവാരം ഇനിയും മികവുറ്റതാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി. എല്ലാ മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. ഇതിന് മുന്‍പ് 17 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. 57 മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മറ്റു മണ്ഡലങ്ങളില്‍ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഒരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍, തൊഴില്‍ – എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, പി.കെ അബ്ദുറബ്ബ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

നെടുവ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. പഠന പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സമ്മാനദാനവും എം.എല്‍.എ നിര്‍വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍ അധ്യക്ഷയായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എം. മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എം.സി നസീമ, നഗരസഭ കൗണ്‍സിലര്‍മാരായ അംബിക മോഹന്‍ രാജ്, ദേവന്‍ ആലുങ്ങല്‍, പി.കെ മുഹമ്മദ് ജമാല്‍, അഷ്റഫ് ഷിഫ, ഹനീഫ കൊടപ്പാളി, തുളസിദാസ്, നൗഫല്‍ ഇല്ലിയന്‍, കെ സി നാസര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.സി മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്ന് നിലകളോടു കൂടിയ അക്കാദമിക് ബ്ലോക്കില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എട്ട് ക്ലാസ് മുറികള്‍, രണ്ട് സ്മാര്‍ട്ട് ക്ലാസ്, നാല് ലാബുകള്‍, മൂന്ന് ടോയ്ലറ്റ് ബ്ലോക്ക്, മള്‍ട്ടി പര്‍പ്പസ് ലൈബ്രറി, ഹോസ്പിറ്റാലിറ്റി റൂം, സ്പോര്‍ട്സ് റൂം, സ്റ്റാഫ് റൂം, ഓഫീസ് റൂം, എച്ച്.എം റൂം എന്നീ സൗകര്യങ്ങളാണ് ബഹുനില അക്കാദമിക ബ്ലോക്കിലുള്ളത്. സ്‌കൂളിന് ചുറ്റുമതിലും പ്രവേശന കവാടവും നിര്‍മിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലാകമാനമുള്ള സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനെ തുടര്‍ന്നാണ് പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്‌കൂളിന്റെയും മുഖഛായ മാറിയത്. കൈറ്റിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണ പ്രവൃത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!