കോഴിക്കോട്: അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ ഉറപ്പ് വരുത്തുമെന്നും സര്‍ക്കാരിന്റെ അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് തൊഴില്‍ മേളകളെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിയുക്തി ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായി എത്തിക്കുക എന്നതാണ് ഇത്തരം മേളകളിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ എന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. നാട്ടില്‍ തന്നെ തൊഴിലെടുക്കാനുള്ള സാഹചര്യം പരമാവധി ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം നടത്തിയ ജോബ് ഫെസ്റ്റ് മികച്ചതായിരുന്നു. അന്ന് ഇവിടെ പങ്കെടുത്തിരുന്ന 1117 പേര്‍ക്ക് വ്യത്യസ്ത കമ്പനികളില്‍ ജോലി ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി രമ, വാര്‍ഡ് കൗണ്‍സിലര്‍ കെ റംലത്ത്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ സച്ചിന്‍ പി ജെയിംസ്, ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം ആര്‍ രവികുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി രാജീവ് എന്നിവര്‍ പങ്കെടുത്തു.




